ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കിടയിലും ഡിജിറ്റൽ മാധ്യമരംഗത്ത് വിശ്വാസ്യതയും ധാർമ്മിക ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സ്വാമി വിവേകാനന്ദ ഡിജിറ്റൽ ജേർണലിസം കോൺക്ലേവ്. രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷൻ, ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെഎംഎ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിലായിരുന്നു ദേശീയ കോൺക്ലേവും എക്‌സലൻസ് അവാർഡ് ദാനവും സംഘടിപ്പിച്ചത്.

കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഡിജിറ്റൽ മാധ്യമ സ്വയംനിയന്ത്രണ സമിതിയായ ജെഎംഎ ഗ്രീവൻസ് കൗൺസിലിന്റെ (ജെഎംഎജിസി) രക്ഷാകർതൃത്വത്തിലായിരുന്നു സംഗമം. രാമകൃഷ്ണ മിഷൻ വിവേകാനന്ദ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോ-ചാൻസലർ സ്വാമി ആത്മപ്രിയാനന്ദജി മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും ആദർശങ്ങളായ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും പുതിയ കാലത്തെ മാധ്യമപ്രവർത്തനത്തിനും വഴികാട്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

‘ഡിജിറ്റൽ യുഗത്തിലെ ഇന്ത്യൻ ശബ്ദം’ എന്ന വിഷയത്തിൽ മുൻ അംബാസഡർ അഖിലേഷ് മിശ്ര ഐഎഫ്എസ് (റിട്ട.) മുഖ്യപ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴും കൃത്യമായ വസ്തുതാപരിശോധനയ്ക്കും എഡിറ്റോറിയൽ ജാഗ്രതയ്ക്കും പകരമാകാൻ സാങ്കേതികവിദ്യയ്ക്ക് കഴിയില്ലെന്ന് വിവിധ സെഷനുകളിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. കൃത്യത, സ്വയംനിയന്ത്രണം, ഡിജിറ്റൽ അവകാശങ്ങൾ, പ്രാദേശിക മാധ്യമപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിലും വിപുലമായ ചർച്ചകൾ നടന്നു.

ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവന നൽകിയ പ്രമുഖർക്ക് സ്വാമി വിവേകാനന്ദ നാഷണൽ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ഡിജിറ്റൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കും നൽകിയ നേതൃത്വപരമായ പങ്കിനെ മുൻനിർത്തി ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷിനെ ആദരിച്ചു. സംഘടനയ്ക്കുള്ള അംഗീകാരമായി അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

കെ.പി. വെങ്കടേശ്വര റാവു ഐപിഎസ്, വിവരാവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാൾ, അഖിലേഷ് മിശ്ര, വിജയ് സിംഗ് ബൈൻസ്ല, ഡോ. ധനഞ്ജയ് ഗിരി, ഡോ. സുമീത് സുസീലൻ, ഡോ. ശൈലേന്ദ്ര കുമാർ, ഡോ. സുരേഷ് ഗൗർ, ഡോ. വിജയ് കുമാർ പാണ്ഡെ, ആദിത്യ നയ്യാർ, സന്ദീപ് ഗ്രോവർ, രാഘവ് ശുക്ല, സുധീർ ശർമ്മ, ഭാസ്കർ സന്യാൽ, കേശവ് ശ്രീവാസ്തവ, പ്രദീപ് കുമാർ, മുഹമ്മദ് റഫീഖ് ഖാൻ എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

രാമകൃഷ്ണ പരമഹംസ ഫൗണ്ടേഷൻ പ്രസിഡന്റ് മോഹൻ ശുക്ല, സെക്രട്ടറി അഷിം കുമാർ മുഖർജി എന്നിവർ പ്രസംഗിച്ചു. അഷിം കുമാർ മുഖർജി രചിച്ച ‘ശ്രീ ശ്രീ രാമകൃഷ്ണ കഥാമൃത – ആസ് ഐ ഹാവ് അണ്ടർസ്റ്റുഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
