കൊല്ലം: കേരളത്തിലെ ജലചാമ്പ്യന്മാരെ കൊല്ലത്തിന്റെ കായൽപ്പരപ്പുകൾ നിശ്ചയിക്കുമെന്ന് വിഷ്ണു മോഹൻ എം.എൽ.എ. നവംബർ 21-ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പന്ത്രണ്ടാം എഡിഷന്റെയും ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഫൈനലിന്റെയും പ്രചാരണാർത്ഥം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച കബഡി, വടംവലി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വള്ളംകളിയുടെ ആവേശം പൂർണ്ണമായും ജില്ലയിലാണെന്നും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 18, 19, 20 തീയതികളിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ്സ് ട്രോഫി വള്ളംകളി സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ വനിതാ കബഡിയിൽ സ്പോർട്സ് കൗൺസിൽ ടീമിനെ മൂന്ന് പോയിന്റുകൾക്ക് പരാജയപ്പെടുത്തി എം.എൽ.എ ടീം ജേതാക്കളായി. പുരുഷ വിഭാഗത്തിൽ എം.പി ടീമിനെ നാല് പോയിന്റുകൾക്ക് മറികടന്ന് മേയർ ടീമും വിജയം സ്വന്തമാക്കി. ആവേശകരമായ വടംവലി മത്സരത്തിൽ സ്പോർട്സ് കൗൺസിൽ ടീമിനെ പരാജയപ്പെടുത്തി ഫയർഫോഴ്സ് ടീം ഒന്നാമതെത്തി.

ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻമാരായ കുരുവിള ജോസഫ്, ബിജു പാരിപ്പള്ളി, എ.കെ. ജോഹർ, സുഭാഷ് പുളിക്കൽ, കൺവീനർ ലിബു ബാബു, ജോയിന്റ് കൺവീനർമാരായ കെ. രാധാകൃഷ്ണൻ, നാസർ, അഡ്വ. തൃദീപ്, ജില്ലാ സ്പോർട്സ് ഓഫീസർ സതീഷ്, പരിശീലകരായ ജയകുമാർ, വിഷ്ണു എന്നിവർ സംസാരിച്ചു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website