Sunday, November 29, 2026

പുതിയ കോവിഡ് വകഭേദം ‘പി.ജെ.2.1’ വിവിധ രാജ്യങ്ങളിൽ; അതീവ ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

ജനീവ: വിവിധ രാജ്യങ്ങളിൽ സാന്നിധ്യം അറിയിച്ച പുതിയ കോവിഡ് വകഭേദമായ ‘പി.ജെ..2.1’-ന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടനയും (WHO) അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഉയർന്ന വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് പി.ജെ..2.1 ആദ്യമായി കണ്ടെത്തിയത്. തുടർന്ന് അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ഇസ്രായേൽ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. മനുഷ്യകോശങ്ങളിലേക്ക് വൈറസ് കടക്കുന്നതിനുള്ള ACE2 റിസപ്റ്ററുകളുമായി അതിവേഗം ബന്ധപ്പെടാൻ (ACE2 binding) ഈ വകഭേദത്തിന് സാധിക്കുമെന്നതിനാൽ രോഗപ്പകർച്ചാ നിരക്ക് കൂടുതലായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഉയർന്ന വ്യാപനശേഷിയുണ്ടെങ്കിലും ഇത് കൂടുതൽ ഗുരുതരമായ രോഗാവസ്ഥയ്ക്കോ ആശുപത്രിവാസത്തിനോ മരണനിരക്ക് ഉയരുന്നതിനോ കാരണമാകുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പ്രധാന ലക്ഷണങ്ങൾ:
പനി, സാധാരണ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തലവേദന എന്നിവയ്ക്കൊപ്പം കഠിനമായ തൊണ്ടവേദനയും (Severe sore throat) നീണ്ടുനിൽക്കുന്ന കടുത്ത ക്ഷീണവുമാണ് (Prolonged fatigue) ഈ വകഭേദത്തിൽ പ്രധാനമായും പ്രകടമാകുന്നത്.

നിലവിൽ ലഭ്യമായ നവീകരിച്ച വാക്സിനുകൾ (LP.8.1 adapted) വഴി ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾക്ക് പി.ജെ..2.1 വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പ്രാഥമിക പഠനങ്ങൾ നൽകുന്ന ആശ്വാസകരമായ സൂചന. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകി.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts