Sunday, November 29, 2026

കിണറ്റിലിറങ്ങുന്നവരുടെ ജീവൻ കാക്കാൻ ‘ജെസ്ക്യൂ’; കൊട്ടിയം എസ്.എൻ പോളിടെക്നിക് വിദ്യാർത്ഥിക്ക് മന്ത്രിയുടെ പ്രശംസ

കൊല്ലം : കിണർ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കിണറുകളിലിറങ്ങുന്ന തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ നൂതന ഉപകരണവുമായി വിദ്യാർത്ഥി. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥി എൻ.എസ്. ജസൽ ആണ് ‘jes-Q The Rescuer Oxygen Detector’ എന്ന സ്മാർട്ട് ഓക്സിജൻ ഡിറ്റക്ടർ വികസിപ്പിച്ചത്.

കിണറിനുള്ളിലെ ഓക്സിജന്റെ സാന്നിധ്യം പരിശോധിക്കാൻ പരമ്പരാഗതമായി മെഴുകുതിരി കത്തിച്ച് ഇറക്കുന്ന രീതിക്ക് പകരമായാണ് ഈ സെൻസർ അധിഷ്ഠിത ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓക്സിജന്റെ അളവ് കുറയുന്നതും കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ രൂപപ്പെടുന്നതും തൊഴിലാളികൾക്ക് വലിയ ജീവൻമരണ ഭീഷണിയാണ് ഉയർത്തുന്നത്. മെഴുകുതിരി ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഇത്തരം വിഷവാതകങ്ങളുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ കഴിയില്ല.

പ്രവർത്തനരീതി:
റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ ഉപകരണം കിണറിനുള്ളിലേക്ക് ഇറക്കുമ്പോൾ, ഇതിലെ സെൻസറുകൾ വിവിധ വാതകങ്ങളുടെ സാന്നിധ്യവും അളവും കൃത്യമായി പരിശോധിച്ച് ഡിജിറ്റൽ ഡിസ്പ്ലേയിൽ കാണിക്കും. വാതകങ്ങളുടെ അളവ് അപകടകരമായ നിലയിലെത്തിയാൽ ഉടൻതന്നെ അലാറവും മുന്നറിയിപ്പ് ലൈറ്റും പ്രവർത്തിച്ച് അപായസൂചന നൽകും. കിണറുകൾക്ക് പുറമെ മാൻഹോളുകൾ, ഖനികൾ, മറ്റ് രക്ഷാപ്രവർത്തന മേഖലകൾ എന്നിവിടങ്ങളിലും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാനാകും.

സംസ്ഥാനതല അംഗീകാരം:
നവംബർ 16-ന് കൊച്ചി രാജഗിരി കോളേജിൽ നടന്ന കെ-ഡിസ്ക് (K-DISC) യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം (YIP 9.0) സംസ്ഥാനതല വിജയികളുടെ ഇൻഡസ്ട്രി മീറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ പദ്ധതി അവതരിപ്പിക്കാൻ ജസലിന് അവസരം ലഭിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഈ പ്രോജക്ടിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ, സ്കിൽ ഇന്ത്യ, ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്നോടെക് എക്സിബിഷനിൽ ഏറ്റവും മികച്ച സസ്റ്റെയിനബിൾ പ്രോജക്ടിനുള്ള പുരസ്കാരവും ഈ കണ്ടുപിടിത്തം സ്വന്തമാക്കിയിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts