Sunday, September 13, 2026

ജീവനക്കാരില്ല, വാഹനങ്ങളില്ല; കുണ്ടറ പൊലീസ് സ്റ്റേഷൻ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ

കുണ്ടറ: ആവശ്യത്തിന് ഉദ്യോഗസ്ഥരോ ഓടാൻ വാഹനങ്ങളോ ഇല്ലാതെ കുണ്ടറ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം മേഖലയിലെ ക്രമസമാധാന പാലനം പൂർണമായും അവതാളത്തിലായി. സ്റ്റേഷൻ കാവലിനുപോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ലോക്കപ്പ് തുറന്ന് പ്രതി രക്ഷപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പ് തുറന്ന് രക്ഷപ്പെട്ടത് മണിക്കൂറുകൾ കഴിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അറിഞ്ഞത്. നാന്തിരിക്കലിലെ വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) ആണ് കടന്നുകളഞ്ഞത്.

വൈദ്യപരിശോധനയ്ക്കു ശേഷം രാത്രി പതിനൊന്നോടെ പ്രതിയെ ലോക്കപ്പിലാക്കിയെങ്കിലും താഴിട്ടു പൂട്ടാൻ പാറാവുകാരൻ മറന്നു. തുടർന്ന് പുലർച്ചെ ഒന്നരയോടെ പ്രതി ലോക്കപ്പ് തുറന്ന് രക്ഷപ്പെടുകയായിരുന്നു. രാത്രി ജനറൽ ഡ്യൂട്ടിക്കും പാറാവുമായി രണ്ടുപേർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മറ്റൊരാളോട് സംസാരിച്ചുനിന്ന തക്കം നോക്കിയാണ് പ്രതി രക്ഷപ്പെട്ടത്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.

മോഷണം വ്യാപകം; നടപടിയില്ലാതെ പൊലീസ്.

കഴിഞ്ഞ നാലു മാസത്തിനിടെ ഇരുപതോളം മോഷണക്കേസുകളാണ് കുണ്ടറയിൽ റിപ്പോർട്ട് ചെയ്തത്. ജൂലൈയിൽ അടുത്തടുത്ത ദിവസങ്ങളിൽ അഞ്ച് കുരിശടികളിൽ മോഷണം നടന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല. നിർമാണത്തിലിരിക്കുന്ന വീടുകൾ, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും മോഷണം പതിവായി.

ഏപ്രിൽ 13-ന് പുളിമുക്കിലെ കശുവണ്ടി ഫാക്ടറിയിൽ നടന്ന മോഷണത്തിൽ പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ, ഫാക്ടറി ജീവനക്കാർ തന്നെ സിസിടിവി പരിശോധിച്ച് പ്രതികളെ കണ്ടെത്തി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ഇതേ സംഘം തുടർന്നും ഫാക്ടറികളിൽ മോഷണം നടത്തിയിട്ടും തുടരന്വേഷണം ഉണ്ടായില്ല.

വാഹനങ്ങൾ കട്ടപ്പുറത്ത്; ടാക്സി വിളിച്ച് പൊലീസ്

അടിയന്തര ആവശ്യങ്ങൾക്ക് ടാക്സി വിളിച്ച് പോകേണ്ട ഗതികേടിലാണ് സേനാംഗങ്ങൾ. ആകെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങളിൽ ഒരെണ്ണം കട്ടപ്പുറത്തായതിനെ തുടർന്ന് വകുപ്പ് തിരിച്ചെടുത്തു. എസ്ഐയുടെ വാഹനം ആഴ്ചകളായി വർക്‌ഷോപ്പിലാണ്. എസ്എച്ച്ഒയുടെ വാഹനം അരമണിക്കൂർ ഓടിയാൽ എൻജിൻ ചൂടായി നിർത്തേണ്ട അവസ്ഥയിലാണ്.

ഒഴിവുകൾ നികത്തുന്നില്ല; ഫയലുകൾ കെട്ടിക്കിടക്കുന്നു

പ്രതിമാസം ശരാശരി 300 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്ന സ്റ്റേഷനിൽ 500-ലധികം പരാതികളാണ് അന്വേഷണം തുടങ്ങാനാവാതെ കെട്ടിക്കിടക്കുന്നത്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യവും ജീവനക്കാരുടെ കുറവു മൂലം നടപ്പായിട്ടില്ല. ജോലിഭാരം മൂലം ഉദ്യോഗസ്ഥർ കടുത്ത മാനസിക സമ്മർദത്തിലാണ്.

സ്റ്റേഷനിലെ ഒഴിവുകൾ നികത്തണമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

ആകെ വേണ്ട അംഗ സംഖ്യ :
എസ്എച്ച്ഒ – 1, എസ്ഐമാർ – 5, വനിതാ എസ്ഐ – 1, എഎസ്ഐ – 3, സ്‌സിപിഒ – 16, സിപിഒ – 30, വനിതാ , സിപിഒ – 8, ഡ്രൈവർ – 1. ആകെ – 65.

നിലവിൽ ഉള്ള അംഗ സംഖ്യ :
എസ്എച്ച്ഒ – 1, എസ്ഐ – 1, എഎസ്ഐ – 1, എസ്‌സിപിഒ – 9, സിപിഒ – 25 (സസ്പെൻഷനിൽ ഉള്ള ഒരാളെ കൂടി കൂട്ടിയാൽ 26)
വനിതാ സിപിഒ – 8, ഡ്രൈവർ – 2, ആകെ 48. (8 സിപിഒമാർ അവധിയിലാണ്. ഏറെ പേരും ദീർഘകാല അവധിയിലാണ്)

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts