Sunday, September 13, 2026

കുണ്ടറയിൽ സെപ്റ്റിക് ടാങ്കിൽ വീണ വയോധികയെ അതിസാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന

കുണ്ടറ: വീട്ടുമുറ്റത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് ആഴത്തിലേക്ക് വീണ വയോധികയെ അഗ്നിരക്ഷാസേന അതിസാഹസികമായി ജീവനോടെ പുറത്തെടുത്തു. പുന്നത്തടം ചാമവിള വീട്ടിൽ മറിയാമ്മ കോശി (65) ആണ് സെപ്റ്റിക് ടാങ്കിൽ വീണത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വീട്ടുപരിസരത്ത് നടക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടൻതന്നെ കുണ്ടറ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം കുണ്ടറയിൽ നിന്നുള്ള അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം സ്ഥലത്തെത്തി. ഇരുപത്തിഞ്ചോളം അടി താഴ്ചയും നാലടി വ്യാസവും ഉള്ള ടാങ്കിനുള്ളിലെ വിഷവാതക സാധ്യതയും കനത്ത ദുർഗന്ധവും ഇടുങ്ങിയ സാഹചര്യവും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തി.

ടാങ്കിൽ നിന്ന് പുറത്തെടുത്ത വയോധികയ്ക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഉടൻതന്നെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കാലിനു ഒടിവ് ഉണ്ട്. സമയബന്ധിതവും ധീരവുമായ ഇടപെടലിലൂടെ വയോധികയുടെ ജീവൻ രക്ഷിച്ച അഗ്നിരക്ഷാസേനാംഗങ്ങളെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.

എ.എസ്.ടി.ഓ പി. ബിനുകുമാർ, ഗ്രേഡ് എ.എസ്.ടി.ഓ. ലെനിൻ എസ്, സന്തോഷ്, ടി അനീഷ്, എസ്. സന്തോഷ്, നാസിം, എഫ് ആർ ഓ ഹരീഷ് ലാൽ, എഫ് ആർ ഓ ഡി ഗിരീഷ് കൃഷ്ണൻ, അജീബ്, ജയകൃഷ്ണൻ എന്നീ ഹോം ഗാർഡുകളുടെയും നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts