എഴുകോൺ: എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മാക് മെറ്റൽ കമ്പനി, മാക് ട്രേഡിംഗ് കമ്പനി എന്നീ സ്ഥാപനങ്ങളിൽ ആസൂത്രിതമായി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി (25), വാളത്തുംഗൽ എ.ബി. ഭവനത്തിൽ സുധീഷ് (പക്രു-22), കൂട്ടിക്കട പീടികമുക്കിൽ പടിയിൽ വീട്ടിൽ മുബാറക് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസം 14-ന് പുലർച്ചെയായിരുന്നു പ്രദേശത്തെ വ്യാപാരികളെ ഞെട്ടിച്ച സംഭവം. മാക് ട്രേഡിംഗ് കമ്പനിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 6,13,570 രൂപയും മാക് മെറ്റൽ കമ്പനിയിലെ പണവുമാണ് സംഘം കവർന്നത്.
വഴിത്തിരിവായത് റെയിൽവേ ട്രാക്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ
സംഭവസ്ഥലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള നൂറിലധികം സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് പ്രതികളിലേക്ക് നയിച്ചത്. മോഷണത്തിനായി പ്രതികൾ രണ്ട് കിലോമീറ്ററോളം റെയിൽവേ പാളത്തിലൂടെ നടന്നെത്തുന്നതിന്റെയും, കവർച്ചയ്ക്കുശേഷം ഇതേവഴി മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അടുത്തിടെ കൊല്ലം നഗരത്തിലെ ഒരു സ്ഥാപനത്തിൽ നടന്ന മോഷണത്തിലും പ്രതികൾ സമാനമായ രീതിയിലാണ് രക്ഷപ്പെട്ടതെന്ന് വ്യക്തമായി. ഇരു മോഷണങ്ങളിലെയും സാമ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാളത്തുംഗൽ സ്വദേശികളായ പ്രതികൾ പോലീസിന്റെ വലയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
ആസൂത്രണം സിനിമയെ വെല്ലുംവിധം
കഴിഞ്ഞ മാസം 13-ന് രാത്രി വാളത്തുംഗലിൽനിന്ന് കാറിലെത്തിയ സംഘം കൊട്ടാരക്കരയും പരിസരപ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷമാണ് എഴുകോണിലെത്തിയത്. നെടുമ്പായിക്കുളം കോട്ടകുഴി പള്ളിക്ക് സമീപം കാർ ഒതുക്കിനിർത്തിയ ശേഷം, മുൻകൂട്ടി ലക്ഷ്യമിട്ടിരുന്ന സ്ഥാപനങ്ങളിലേക്ക് റെയിൽവേ ട്രാക്ക് വഴി നടന്നെത്തുകയായിരുന്നു.
ദേശീയപാതയ്ക്ക് അടിയിലൂടെയുള്ള തോട് വഴിയെത്തി മാക് മെറ്റൽ കമ്പനിയുടെ പിൻവശത്തെ ഷീറ്റ് പൊളിച്ചാണ് ആദ്യം അകത്തുകടന്നത്. ഇവിടെ അരമണിക്കൂറോളം തിരച്ചിൽ നടത്തിയ സംഘം, തുടർന്ന് തോട് വഴി മാക് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെത്തി. സമീപത്തെ മരത്തിൽ വലിഞ്ഞുകയറി ആസ്ബറ്റോസ് ഷീറ്റ് തകർത്താണ് ഓഫീസ് മുറിയിൽ പ്രവേശിച്ചത്. തുടർന്ന് ലോക്കർ തകർത്ത് ആറു ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു. മോഷണത്തിനു ശേഷം വീണ്ടും റെയിൽവേ ട്രാക്ക് വഴി നടന്ന് കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി രക്ഷപ്പെടുകയായിരുന്നു.
പഴുതടച്ച അന്വേഷണം
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി ഷെറീഫ്, പൂയപ്പള്ളി സി.ഐ മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് സയന്റിഫിക് വിദഗ്ദ്ധർ, റൂറൽ ഡോഗ് സ്ക്വാഡ്, സൈബർ സെൽ എന്നിവരുടെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി.
എഴുകോൺ എസ്.എച്ച്.ഒ രാജേഷ് കുമാർ, മുൻ എസ്.എച്ച്.ഒ ദീപു പിള്ള, എസ്.ഐമാരായ അഭിജിത്ത്, ഹരിഹരൻ, ബിനു ജോർജ്ജ്, എ.എസ്.ഐ സുനിൽ കുമാർ, സി.പി.ഒമാരായ നജീബ്, വിനോദ്, അനന്തു, സനൽ, കൊട്ടാരക്കര സ്റ്റേഷനിലെ സി.പി.ഒമാരായ ശ്യാം കൃഷ്ണൻ, കിരൺ, പൂയപ്പള്ളി സ്റ്റേഷനിലെ സി.പി.ഒ രാജേഷ്, റൂറൽ സൈബർ സെല്ലിലെ എസ്.സി.പി.ഒ മഹേഷ് മോഹൻ എന്നിവരും കൊല്ലം റൂറൽ ഡാൻസാഫ് (DANSAF) സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
