Sunday, November 29, 2026

“രാമായണ” സിനിമയ്ക്കെതിരെ മുംബൈ പൊലീസിൽ പരാതി; ഇതിഹാസത്തെ വളച്ചൊടിച്ചെന്ന് ഹിന്ദു ജനജാഗ്രതി സമിതി

മുംബൈ : രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുന്ന നിതേഷ് തിവാരി ചിത്രം “രാമായണ” സിനിമയ്ക്കെതിരെ നിയമനടപടിയുമായി ഹിന്ദു ജനജാഗ്രതി സമിതി. സിനിമയിലൂടെ വാൽമീകി രാമായണത്തെ വളച്ചൊടിച്ചെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സംഘടന മുംബൈ പൊലീസിൽ പരാതി നൽകി.

പ്രധാന ആരോപണങ്ങൾ:

രാവണനെ മഹത്വവൽക്കരിക്കുന്നു: മഹർഷിമാരെ ഉപദ്രവിച്ച അസുരരാജാവായ രാവണനെ സിനിമയിൽ പാവപ്പെട്ടവർക്ക് സ്വർണ്ണ വീടുകൾ നൽകുന്നവനായും അടിച്ചമർത്തപ്പെട്ടവരുടെ സംരക്ഷകനായും സ്ത്രീകളുടെ അന്തസ്സിന് വേണ്ടി നിലകൊള്ളുന്നവനായും മഹത്വവൽക്കരിച്ച് കാണിച്ചിരിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതിലൂടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

രാമ-ലക്ഷ്മണന്മാരുടെ ചിത്രീകരണം: ആയുധധാരികളായ ശ്രീരാമനും ലക്ഷ്മണനും രാക്ഷസപ്പടയെ ഭയന്ന് പിന്തിരിഞ്ഞോടുന്നതായും, ഖര-ദൂഷണന്മാരോട് ശ്രീരാമൻ മാപ്പ് ചോദിക്കുന്നതായുമുള്ള സാങ്കൽപ്പിക രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

ശൂർപ്പണഖ സംഭവം: ശൂർപ്പണഖയുടെ മൂക്ക് മുറിച്ചപ്പോൾ ‘ഒരു സ്ത്രീയെ വികൃതമാക്കാൻ ലക്ഷ്മണന് അവകാശമില്ല’ എന്ന് സീത ശാസിക്കുന്ന രംഗം മൂലകൃതിയിലില്ലാത്ത കൂട്ടിച്ചേർക്കലാണെന്നും ലക്ഷ്മണനെ അഹങ്കാരിയായി ചിത്രീകരിച്ചെന്നും സംഘടന ആരോപിക്കുന്നു.

സിനിമയുടെ പൂർണ്ണമായ പകർപ്പ്, തിരക്കഥ, സംഭാഷണങ്ങൾ എന്നിവ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും, വാൽമീകി രാമായണ പണ്ഡിതരുടെ അഭിപ്രായം തേടി അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യം. കൂടാതെ, ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുൻപ് ഹിന്ദു സന്യാസിമാർക്കും പണ്ഡിതർക്കുമായി പ്രത്യേക പ്രദർശനം ഒരുക്കണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts