Saturday, November 28, 2026

പി.ആർ.എസ് വായ്പാ പ്രതിസന്ധി പരിഹരിക്കണം; സർക്കാർ കാലതാമസത്തിന്റെ പേരിൽ നെൽകർഷകരുടെ സിബിൽ സ്കോർ മോശമാകരുത്: കൊടിക്കുന്നിൽ സുരേഷ് എം.പി.

കേരളത്തിലെ പി.ആർ.എസ് (Paddy Receipt Sheet) വായ്പാ സംവിധാനത്തിൽ സർക്കാർ സംഭരണവില നൽകുന്നതിലെ കാലതാമസം മൂലം നെൽകർഷകരുടെ സിബിൽ (CIBIL) സ്കോർ മോശമാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി. എസ്.ബി.ഐ തിരുവനന്തപുരം ലോക്കൽ ഹെഡ് ഓഫീസിലെ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗാരരാജുവുമായി കൂടിക്കാഴ്ച നടത്തി. നെൽകർഷകരുടെ സാമ്പത്തിക സുരക്ഷയും വായ്പാ യോഗ്യതയും സംരക്ഷിക്കുന്നതിനായി നിലവിലെ പി.ആർ.എസ് വായ്പാ സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്ക് കൺസോർഷ്യമാണ് കേരളത്തിൽ പി.ആർ.എസ് വായ്പകൾ നൽകുന്നത്. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് ലഭിക്കേണ്ട തുക സർക്കാർ സമയബന്ധിതമായി നൽകാത്തതിനാൽ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ കാലതാമസമുണ്ടാകുകയും കർഷകരുടെ വായ്പാ അക്കൗണ്ടുകളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. കർഷകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലാത്ത കാരണങ്ങളാൽ അവരുടെ സിബിൽ സ്കോർ കുറയുന്നതും ഭാവിയിൽ ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നതും നീതീകരിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ചൂണ്ടിക്കാട്ടി.

സർക്കാർ സംവിധാനത്തിലെ കാലതാമസത്തിന്റെ സാമ്പത്തിക ഭാരം കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിലവിലെ സാഹചര്യം മാറ്റണം. സർക്കാർ അല്ലെങ്കിൽ ബന്ധപ്പെട്ട നെല്ല് സംഭരണ ഏജൻസി നേരിട്ട് വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതിയിൽ പി.ആർ.എസ് വായ്പാ സംവിധാനം പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാർ പണമടയ്ക്കുന്നതിലെ കാലതാമസം മൂലം കർഷകരുടെ വായ്പാ അക്കൗണ്ടുകളിൽ കുടിശ്ശിക രേഖപ്പെടുത്തുന്നതും സിബിൽ റിപ്പോർട്ടുകളെ പ്രതികൂലമായി ബാധിക്കുന്നതും ഒഴിവാക്കാൻ ബാങ്കുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനകം സിബിൽ സ്കോർ ഉൾപ്പെടെയുള്ള ക്രെഡിറ്റ് രേഖകളിൽ പ്രതികൂലമായ മാറ്റങ്ങൾ നേരിട്ട കർഷകരുടെ വായ്പാ അക്കൗണ്ടുകൾ പ്രത്യേകം പരിശോധിച്ച് അർഹമായ തിരുത്തലുകൾ വരുത്തണം. സർക്കാർ പണമടയ്ക്കുന്നതിലെ കാലതാമസം മൂലമുണ്ടായ കുടിശ്ശികയുടെ പേരിൽ കർഷകർക്ക് സാമ്പത്തിക നഷ്ടമോ ഭാവിയിലെ വായ്പാ സാധ്യതകൾക്ക് തടസ്സമോ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കണമെന്നും അദ്ദേഹം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.

വിഷയത്തിൽ അടിയന്തരവും അനുകൂലവുമായ ഇടപെടൽ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, കേരളത്തിലെ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവർക്കും കത്തുകൾ നൽകിയിട്ടുണ്ട്. പി.ആർ.എസ് വായ്പാ സംവിധാനത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും നെൽകർഷകരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ബന്ധപ്പെട്ട ബാങ്കുകളുമായും സർക്കാർ സംവിധാനങ്ങളുമായും തുടർ ഇടപെടലുകൾ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി.

നെൽകർഷകർക്ക് അർഹമായ സംഭരണവില സമയബന്ധിതമായി ലഭിക്കുന്നതിനൊപ്പം അവരുടെ സാമ്പത്തിക വിശ്വാസ്യതയും സംരക്ഷിക്കപ്പെടണം. കർഷകരുടെ തെറ്റല്ലാത്ത കാരണങ്ങളാൽ അവർ ബാങ്കുകളുടെ കുടിശ്ശികക്കാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts