Monday, September 28, 2026

ക്ഷീരശ്രീ യൂണിഫൈഡ് സോഫ്‌റ്റ്‌വെയർ അക്കൗണ്ടിംഗ് മോഡ്യൂളിൻെറ സംസ്ഥാനതല ഉദ്ഘാടനവും ചിറ്റുമല ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൻെറ ഉദ്ഘാടനവും മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.

കൊല്ലം : പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന,മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ. ക്ഷീരകർഷകരെയും ക്ഷീരസംഘങ്ങളെയും ശക്തിപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടുപോകാനാകും. തീറ്റപ്പുൽ കൃഷിയടക്കം വ്യാപിപ്പിച്ച് പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ആണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ക്ഷീര വികസന വകുപ്പിൻ്റെ ക്ഷീരശ്രീ യൂണിഫൈഡ് സോഫ്‌റ്റ്‌വെയർ അക്കൗണ്ടിംഗ് മൊഡ്യൂളിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇഞ്ചവിളയിൽ നടന്ന ചടങ്ങിൽ ചിറ്റുമല ബ്ലോക്ക് ക്ഷീര കർഷക സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ക്ഷീരശ്രീ യൂണിഫൈഡ് സോഫ്‌റ്റ്‌വെയർ അക്കൗണ്ടിംഗ് മൊഡ്യൂൾ സജ്ജമാക്കിയത്. ക്ഷീരസംഘങ്ങളിലെ പാൽ സംഭരണവും വിലനിർണ്ണയവും ഓട്ടോമേറ്റ് ചെയ്ത് കർഷകർ നൽകുന്ന പാലിന്റെ അളവ്, ഗുണനിലവാരം എന്നിവക്ക് അനുസൃതമായി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാൽ സംഭരണവുമായി ബന്ധപ്പെട്ട ഇടപാടുകളോടൊപ്പം ക്ഷീരസഹകരണ സംഘങ്ങളിലെ കാലിത്തീറ്റ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും തിരിച്ചടവും, ബാങ്ക് ഇടപാടുകൾ, സ്റ്റോക്ക്, വായ്പകൾ ജീവനക്കാരുടെ ശമ്പള വിതരണം ഉൾപ്പടെയുള്ള വിവിധ സാമ്പത്തിക ഇടപാടുകൾ ഒരു ഏകീകൃത ഡിജിറ്റൽ അക്കൗണ്ടിംഗ് സംവിധാനത്തിലേക്ക് ഈ മൊഡ്യൂളിലൂടെ കൊണ്ടുവരുന്നു.

അക്കൗണ്ടിംഗ് പ്രവർത്തനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ക്ഷീരസംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ കൃത്യതയും സുതാര്യതയും ഉത്തരവാദിത്വവും കൂടുതൽ ഉറപ്പാക്കാൻ കഴിയുമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പറഞ്ഞു. എൻ ഐ സി കേരളത്തിൽ നിന്നുള്ള സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസർ സന്തോഷ് വി ടി സോഫ്റ്റ്‌വെയറിനെ കുറിച്ച് വിശദീകരിച്ചു.

ക്ഷീര വികസന വകുപ്പിന്റെയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളുടേയും ഗ്രാമപഞ്ചായത്തുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചത്.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള മികച്ച ക്ഷീര സംഘങ്ങളെയും കർഷകരെയും ചടങ്ങിൽ മന്ത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഉല്ലാസ് കോവൂർ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി.

കന്നുകാലി പ്രദർശനമത്സരം, പാൽ ഉൽപന്നങ്ങൾ, കാലിത്തീറ്റ ഇനങ്ങൾ എന്നിവയുടെ പ്രദർശനം, ആധുനിക ഫാമിംഗ് രീതികൾ പരിചയപ്പെടുത്തുന്ന എക്‌സിബിഷൻ, ക്ഷീര വികസന സെമിനാറുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി ബൈജു, വിവിധ ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്മാർ, ക്ഷീര സംഘം ഭാരവാഹികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts