കൊല്ലം–കോട്ടയം–കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന 66315/66316 മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ കൊല്ലം–കോട്ടയം റൂട്ടിൽ സ്ഥിരം യാത്രക്കാർ വ്യാപകമായി ആശ്രയിക്കുന്ന മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരെ യാത്രക്കാരിൽ നിന്നും യാത്രക്കാരുടെ സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം താൽക്കാലികമായി മരവിപ്പിച്ചത്.
വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്കും യാത്രാദുരിതവും പരിഹരിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായി എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനുള്ള നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തിന് പരിഹാരമായി പുതിയ ട്രെയിൻ അനുവദിക്കുന്നതിന് പകരം നിലവിൽ കൊല്ലം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണ് പിന്നീട് ഉണ്ടായത്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് നിലവിലുള്ള സർവീസ് നീട്ടാനുള്ള നീക്കമുണ്ടായതെന്നും എംപി ചൂണ്ടിക്കാട്ടി.
കൊല്ലം, കുന്നത്തൂർ, ശാസ്താംകോട്ട, മൺറോത്തുരുത്ത്, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന് സ്ഥിരം യാത്രക്കാരുടെ ദൈനംദിന യാത്രയ്ക്ക് ഈ മെമു സർവീസ് നിർണായകമാണ്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കോട്ടയം ഭാഗത്തുനിന്ന് കൊല്ലത്തേക്കും കൊല്ലം ഭാഗത്തുനിന്ന് വിവിധ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്നവർക്ക് നിലവിലെ സമയക്രമത്തിലുള്ള സർവീസ് വലിയ ആശ്രയമാണ്. ഈ ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയാൽ നിലവിലുള്ള യാത്രക്കാരുടെ യാത്രാസൗകര്യത്തെയും സമയക്രമത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് യാത്രക്കാർ ഉയർത്തിയത്.
വിഷയത്തിൽ യാത്രക്കാരിൽ നിന്നും വിവിധ യാത്രക്കാരുടെ സംഘടനകളിൽ നിന്നും വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിട്ട് ബന്ധപ്പെട്ട് യാത്രക്കാരുടെ ആശങ്കകൾ ബോധ്യപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് വൈകുന്നേരങ്ങളിൽ കൊല്ലത്തേക്ക് യാത്ര ചെയ്യുന്നവർ നേരിടുന്ന കടുത്ത യാത്രാദുരിതവും നിലവിലുള്ള മെമു സർവീസിന്റെ പ്രാധാന്യവും എംപി വിശദീകരിച്ചു. ഒരു വിഭാഗം യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കാണുന്നതിനായി മറ്റൊരു വിഭാഗം സ്ഥിരം യാത്രക്കാരുടെ നിലവിലുള്ള യാത്രാസൗകര്യം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നാണ് 66315/66316 കൊല്ലം–കോട്ടയം–കൊല്ലം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം താൽക്കാലികമായി മരവിപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. നിലവിലുള്ള മെമു സർവീസ് അതേപടി നിലനിർത്തിക്കൊണ്ട് യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനുള്ള ബദൽ സംവിധാനം പരിശോധിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു.
വൈകുന്നേരങ്ങളിൽ എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് വേണാട് എക്സ്പ്രസിന് മുൻപായി പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യമാണ് എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വേണാട് എക്സ്പ്രസിലെ അമിതമായ തിരക്ക് കുറയ്ക്കുന്നതിനും എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും പുതിയ സർവീസ് സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിർദേശം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
ഒരു പുതിയ ട്രെയിൻ അനുവദിക്കുന്നതിന് പകരമായി നിലവിലുള്ള ട്രെയിൻ സർവീസ് നീട്ടുകയും അതുവഴി നിലവിലുള്ള യാത്രക്കാരുടെ യാത്രാസൗകര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ പിന്തുണയ്ക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. റെയിൽവേ വികസനം എന്നത് ഒരു വിഭാഗത്തിന്റെ യാത്രാസൗകര്യം വർധിപ്പിക്കുമ്പോൾ മറ്റൊരു വിഭാഗത്തിന്റെ സൗകര്യം ഇല്ലാതാക്കുന്നതാകരുത്. യാത്രക്കാരുടെ യഥാർഥ ആവശ്യങ്ങളും ട്രെയിനുകളിലെ തിരക്കും സമയക്രമവും പരിഗണിച്ചായിരിക്കണം റെയിൽവേ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്.
കൊല്ലം–കോട്ടയം മെമു സർവീസിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനൊപ്പം വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website