കുണ്ടറ 🔸🔹 വലിയ തീരദേശവും കായലുകളുമൊക്കെയുള്ള കേരളത്തിന് ബ്ലൂ ഇക്കോണമിയിൽ വലിയ സാധ്യതയുണ്ടെന്നും മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിങ്, ബ്രാൻഡിങ്, കയറ്റുമതി തുടങ്ങിയ മേഖലകളിൽ സഹകരണരംഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശവുമായി കൊല്ലം പവിത്രം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വനിതാ ശാക്തീകരണത്തിന് ദിശ പകരുന്ന വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും. 23000ത്തിലധികം സഹകരണപ്രസ്ഥാനങ്ങൾ നല്ല നിലയിൽ പ്രവൃത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണമേഖലയുടെ ഉന്നമനത്തിന് എല്ലാവിധ സഹകരണങ്ങളും നൽകാൻ കേന്ദ്രം തയ്യാറാണെന്നും കേരളത്തിന്റെ സഹകരണമന്ത്രി ദൽഹിയിലെത്തി ഈ വിഷയത്തിൽ ചർച്ച നടത്തണമെന്നും അമിത് ഷാ പറഞ്ഞു.

സഹകരണമേഖലയിലൂടെയുള്ള വിത്ത് വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള നാഫെഡ് കല്യാൺ സ്കോളർഷിപ്പ് വിതരണം, വനിതം ഷീ മാർട്ട് ഉദ്ഘാടനം, ഭാരത് ആട്ട, അരി എന്നിയുടെ വിതരണോദ്ഘാടനം എന്നിവ കേരളത്തിൽ വന്ന് നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയിലൂടെയുള്ള സ്ത്രീശാക്തീകരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ്. നാഫെഡും എൻസിസിഎഫും രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകളാണ്. നാഫെഡുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം വനിത കർഷകരും എൻസിസിഎഫുമായി ബന്ധപ്പെട്ട് ആറ് ലക്ഷം വനിത കർഷകരും പ്രവർത്തിക്കുന്നുണ്ട്.

സ്ത്രീകളുടെ തൊഴിൽ ശക്തി 23 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കി ഉയർത്താൻ കഴിഞ്ഞതായും അമിത് ഷാ പറഞ്ഞു. കേന്ദ്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു സഹകരണപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് കൈകോർക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയുടെ നട്ടെല്ലാണ് സഹകരണപ്രസ്ഥാനങ്ങൾ. നമ്മുടെ ജിഡിപിയുടെ എട്ട്ശതമാനം സംഭാവനചെയ്യുന്നത് സഹകരണമേഖലയാണ്. വൈവിധ്യമാർന്ന നമ്മുടെ സഹകരണമേഖലയിൽ 13000 ലധികം സഹകരണസ്ഥാപനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം, സുതാര്യത, പ്രൊഫഷണൽ നേതൃത്വം എന്നിവയാണ് കേരളത്തിന്റെ സഹകരണമേഖലക്ക് ഇനി ആവശ്യമെന്നും കേരളത്തിന്റെ സഹകരണമേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.

പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി. സഹകരണ മേഖലയിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, എൻ കെ പ്രേമചന്ദ്രൻ എംപി. രാജീവ് ചന്ദ്രശേഖർ എംഎൽഎ, എൻ സി സി എഫ് ചെയർമാൻ വിശാൽ സിങ്, മാനേജിങ് ഡയറക്ടർ ആനി ജോസഫ് ചന്ദ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിലോയ്ക്ക് 35 രൂപ നിരക്കിൽ സബ്സിഡിയോടെ സവാള ലഭ്യമാക്കുന്ന എൻസിസിഎഫ്, നാഫെഡ് മൊബൈൽ വാനുകളുടെ ഫ്ലാഗ് ഓഫ്, എൻ സി സി എഫ് ജനറൽ ഉത്പന്നങ്ങളുടെ ഉദ്‌ഘാടനം, വനിതം ഷീ മാർട്ട് ഷോപ്പുകളുടെ ഉദ്ഘാടനം, ‘ഭാരത് ആട്ട’, ‘ഭാരത് ചാവൽ’ എന്നിവയുടെ ആദ്യ വിൽപ്പന, നാഫെഡ് കല്യാൺ സ്കോളർഷിപ്പ് പദ്ധതി ചെക്കുകളുടെ വിതരണം, ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായപയർവർഗ വിത്ത് കിറ്റുകളുടെ വിതരണം എന്നിവ ചടങ്ങിൽ ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു. എൻസിസിഎഫിനെക്കുറിച്ചും വനിതാ ശ്രീ മാർട്ട് ഷോപ്പിനെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിൽ നടന്നു.
Follow us on
Kundara MEDIA ©️
Facebook | Youtube | Instagram | Website
