Tuesday, August 26, 2025

താൻ എഴുതിയ തിരക്കഥയുടെ കോപ്പിയടിയാണ് മലയാളി ഫ്രം ഇന്ത്യയെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിൽ.

ദുബായ്: നിവിൻ പോളി നായകനായ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള വിവാദം, പുതിയ വെളിപ്പെടുത്തലുകൾ. മലയാളി ഫ്രം ഇന്ത്യയ്ക്ക് നേരെ വീണ്ടും കോപ്പിയടി ആരോപണം. മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ തൻ്റേതാണെന്ന ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ രംഗത്ത് എത്തിയിരിക്കുകയാണ്. ആൽക്കെമിസ്റ്റ് എന്ന പേരിൽ താൻ തയ്യാറാക്കിയ തിരക്കഥയുടെ കോപ്പിയടിയാണ് മലയാളി ഫ്രം ഇന്ത്യയെന്ന് സാദിഖ് കാവിൽ പറയുന്നു. ദുബായിൽ പ്രസ് മീറ്റ് വിളിച്ചുകൂട്ടിയാണ് സാദിഖ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ചിത്രത്തിൻ്റെ കഥ തൻ്റെ ആശയമായിരുന്നു എന്ന് അവകാശപ്പെട്ട് കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വരികയും ഇതിനെ തള്ളി സംവിധായകൻ ഡിജോയും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും മറുപടി പറയുകയും ഇവരെ ഫെഫ്ക പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

സാദിഖ് കാവിലിൻ്റെ വാക്കുകൾ :

2020-ൽ മുതൽ താൻ ഈ തിരക്കഥയുടെ പണിപ്പുരയിലാണ്. മരിച്ചുപോയ സുഹൃത്തും തിരക്കഥാകൃത്തുമായ നിസാം റാവുത്തർ (സക്കറിയയുടെ ഗർഭിണികൾ, റേഡിയോ, ഒരു സർക്കാർ ഉത്പന്നം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്) സംവിധാനം ചെയ്യാൻ വേണ്ടി എഴുതിയ തിരക്കഥ സംബന്ധമായി ഞങ്ങൾ അക്കാലം മുതൽ വാട്സാപ്പിലൂടെയും ഫോണിലൂടെയും ചർച്ച ചെയ്തുകൊണ്ടിരുന്നു. 2021 ഫെബ്രുവരിയിൽ കഥയുടെ വൺലൈൻ നിസാമിന് കൈമാറി. 2021 മാർച്ച് 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിൻ്റെ തെളിവുകൾ കൈയിലുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം തരാൻ സാധിക്കുന്ന നിസാം റാവുത്തർ ജീവനോടെയില്ല.

അബുദാബിയിലെ ഒരു ദ്വീപായിരുന്നു എൻ്റെ തിരക്കഥയുടെ പശ്ചാത്തലം. അവിടെ ഒരേ മുറിയിൽ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു പ്രമേയം. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളായിരുന്നു ഒരു ഫീൽ ഗുഡ് സിനിമയായി ഉദ്ദേശിച്ച ചിത്രത്തിൻ്റെ കഥ. അന്ന് ഞാനെൻ്റെ കഥ ചില അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. പിന്നീട് ഇതിനിടെ നിസാം റാവുത്തർ പ്രൊജക്ടിൽ നിന്നും പിന്മാറുകയും ജിബിൻ ജോസ് എന്നയാൾ സംവിധായകനായി വരികയും ചെയ്തു.

2020 മുതൽ ഞാൻ ഈ തിരക്കഥയുടെ പിന്നിലായിരുന്നു. അടുത്തിടെ വിഭാഗത്തിൽപ്പെടുത്താവുന്ന ഫീൽഗുഡ് മൂവിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇതേ ആശയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലേതും എന്ന് സിനിമ കണ്ടവർക്ക് മനസിലാകും. 2022ൽ തൻ്റെ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവച്ചപ്പോൾ, ഇതേ പോലുള്ളൊരു കഥ മറ്റൊരാൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു. പിന്നീട്, ജിബിൻ ജോസ് തൻ്റെ ജോലിത്തിരക്ക് കാരണം മുന്നോട്ടുപോകാൻ പ്രയാസമാണെന്നറിഞ്ഞപ്പോൾ ഇപ്പോൾ സിനിമയിൽ പ്രവർത്തിച്ചുവരുന്ന മുൻ മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി തയ്യാറാവുകയും ചെയ്തു. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഇതിനകം റിലീസിനായി തയ്യാറായി എന്നറിഞ്ഞപ്പോൾ ഒരേ ആശയത്തിർ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് ഞങ്ങളത് തത്കാലത്തേയ്ക്ക് ഡ്രോപ് ചെയ്തു. അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മലയാളി ഫ്രം ഇന്ത്യ റിലീസാകുന്നത്.

എൻ്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവർ ഇൗ സിനിമയ്ക്ക് അതുമായുള്ള സാമ്യം എന്നെ അറിയിച്ചു. പിന്നീട് സിനിമ കണ്ടപ്പോൾ എനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ചു ഞാനും ജിബിനും സനീഷും മൗനം പാലിച്ചതാണ്. എന്നാൽ ഇന്നലെ ഷാരിസ് മുഹമ്മദിൻ്റെ അഭിമുഖത്തിൽ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോൾ അതിൽ ആൽക്കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമായത്. ഞങ്ങൾ ഇതേ പേരിൽ അന്ന് ഒരു പോസ്റ്റർ പോലും ഡിസൈൻ ചെയ്തിരുന്നു.(കോപ്പി കൈയിലുണ്ട്). അതു അടുത്തിടെ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകന് ജിബിൻ പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് തിരക്കഥയുടെ പേര് ആൽക്കെമിസ്റ്റായിരുന്നുവെന്ന് ഷാരിസ് മുഹമ്മദ് വെളിപ്പെടുത്തിയത്. ഇത് സംവിധായകനിൽ നിന്ന് ഞങ്ങളുടെ പ്രൊജക്ടിനെക്കുറിച്ച് അറിഞ്ഞതുകൊണ്ട് നിഷാദ് കോയയുടെ വാദം പൊളിക്കാൻ വേണ്ടി മനപ്പൂർവം വെളിപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.

ഇതൊരു വ്യക്തിയുടെ നഷ്ടമോ പ്രശ്നമോ ആയി ചുരുക്കിക്കാണരുത്. ഒരു തിരക്കഥ പൂർത്തിയാക്കാൻ എത്രമാത്രം സർഗശേഷിയും ഉൗർജവും ഉപയോഗിക്കേണ്ടി വരുമെന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ. സ്വപ്നങ്ങൾ പോലും മോഷ്ടിക്കപ്പെടാവുന്ന , അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്. സത്യസന്ധത, എത്തിക്സ് തുടങ്ങിയവയൊക്കെ കണികാണാൻ പോലും കിട്ടാതായി. ആധുനിക ലോകത്തിൻ്റെ കലയായ സിനിമ വളരെ വൃത്തികെട്ട രീതിയിൽ അധഃപതിക്കുക എന്നതാണ് ഇവിടെ സംഭവിച്ചത്. അതനുവദിക്കുക എന്നത് ഒരു കലയിൽ എന്തുമാകാം എന്ന ലൈസൻസ് ആയി മാറും.

നീതിക്ക് വേണ്ടിയുള്ള ശബ്ദമുയർത്തൽ മാത്രമാണിത്. ഞങ്ങളടക്കം ഈ മേഖലയിലേയ്ക്ക് പ്രതീക്ഷകളോടെ കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരു തലമുറ, അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലരുടെയും അടുത്തുപോയി കഥയും മറ്റും അവതരിപ്പിക്കുകയും തിരക്കഥ കൈമാറുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ, അവരെയെല്ലാം തീർത്തും നിരാശരാക്കുകയും എന്നെന്നേക്കുമായി പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണത ഇൗ വ്യവസായ മേഖലയ്ക്ക് തന്നെ ശാപമാണ്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്. വാർത്തസമ്മേളനത്തിൽ സാദിഖിനൊപ്പം സംവിധായകനും ക്യാമറാമാനുമായ ജിബിൻ ജോസും ഫിറോസ് ഖാനും പങ്കെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts