സ്ത്രീകളിലെ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള കർമപദ്ധതിക്ക് കാൻസർ ദിനമായ ഫെബ്രുവരി 4 ന് തുടക്കമാകും. ‘ആരോഗ്യം ആനന്ദം’ എന്ന പേരിൽ ‘അകറ്റാം അർബുദം’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിതാ ദിനമായ മാർച്ച് എട്ട് വരെയാണ് ക്യാമ്പയിൻ. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30ന് കൊല്ലം പാൽക്കുളങ്ങര കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കശുവണ്ടി ഫാക്ടറിയിൽ എം. നൗഷാദ് എം.എൽ.എ നിർവഹിക്കും.
ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ഉണ്ടാകും. ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ (ഹെൽത്ത് & വെൽനെസ് സെന്ററുകൾ), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. 30 മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കാൻസർ പ്രതിരോധ പരിശോധനാ പരിപാടിക്ക്് തുടക്കമിടുന്നത്. സിനിമാതാരം മഞ്ജു വാര്യർ ആകും പരിപാടിയുടെ ബ്രാൻഡ് അംബാസഡർ.
സ്ത്രീകളുടെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെ കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക, കാൻസർ സംബന്ധിച്ച് സമൂഹത്തിലെ മിഥ്യാധാരണകളും ഭീതിയും അകറ്റുക, കാൻസർ ബാധിതരോട് സഹാനുഭൂതി വർധിപ്പിക്കുകയും സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, രോഗം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുകയും മരണനിരക്ക് കുറക്കുകയും ചെയ്യുക തുടങ്ങിയവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകൾ, റീജ്യണൽ കാൻസർ സെന്റർ ഉൾപ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങൾ, ആരോഗ്യ കേരളം, കാൻസർ രംഗത്തെ സന്നദ്ധ സംഘടനകൾ, സ്വകാര്യ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് നെറ്റ്വർക്ക്, ലബോറട്ടറികൾ തുടങ്ങിയവർ പങ്കാളികളാകും.
രോഗം സംബന്ധിച്ച് വ്യാപക ബോധവത്കരണം നടത്തുകയും സ്ത്രീകളെ പരിശോധനക്ക് പ്രേരിപ്പിക്കുകയും ചെയ്യും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ പരിശോധനകൾ സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് മിതമായ നിരക്കിൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. സ്തനാർബുദ പ്രാഥമിക പരിശോധനക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ കാലയളവിൽ പ്രത്യേക സൗകര്യം ഒരുക്കും. ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം സ്ത്രീകളുടെ കാൻസർ പരിശോധനക്ക് മാത്രമായി നീക്കിവെക്കും.
പ്രാഥമിക പരിശോധനയിൽ രോഗം സംശയിക്കുന്നവരെ പ്രധാന ആശുപത്രികളിൽ പരിശോധനക്ക് വിധേയരാക്കി രോഗനിർണയം നടത്തും. രോഗം സ്ഥിരീകരിക്കുന്നവർക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ/ജനറൽ ആശുപത്രികൾ, കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തുടങ്ങിയ ചികിത്സാകേന്ദ്രങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ചികിത്സയൊരുക്കും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080