Saturday, October 11, 2025

തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം ടൗൺഹാളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.

ഭാവി വികസനത്തിന്റെ ദിശാനിർണയത്തിൽ പ്രധാന ഘടകമായി ‘വിഷൻ 2031’ സെമിനാർ മാറുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലും നൈപുണ്യവികസനവുമെന്ന മേഖല ഭാവിയിൽ എങ്ങനെയായിരിക്കണമെന്നാണ് പ്രധാന ചർച്ച. ഭാവി കേരളത്തിനായുള്ള നിർദേശങ്ങൾ ക്രോഡീകരിച്ച് തുടർ പരിപാടികൾക്ക് രൂപം നൽകും. ഒക്ടോബർ 30 നാണ് പരിപാടി. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തൊഴിൽ- നൈപുണ്യവികസന മേഖലയിൽ സർക്കാരിന്റെ വിവിധ നടപടികളും മുന്നോട്ടുള്ള ദിശയും വ്യക്തമായി പ്രതിപാദിക്കും. സാമൂഹിക – സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായി, തൊഴിൽ സാധ്യതകളുടെ വൈവിധ്യം, സ്റ്റാർട്ടപ്പ് സൗഹൃദ പരിസരം, പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ നൈപുണ്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സംവിധാനങ്ങൾ തുടങ്ങിയവ ചർച്ചയിൽ കൊണ്ടുവരും. തൊഴിൽവികസനത്തിന്‍റെ അടുത്ത കാലഘട്ടം “പുതിയ നൈപുണ്യങ്ങളുടെ കാലഘട്ടം” ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 251 അംഗ പൊതു സംഘാടക സമിതിക്ക് രൂപം നൽകി. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ചെയർമാൻ. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്കുമാർ എന്നിവർ രക്ഷാധികാരികൾ. ജില്ലയിലെ എല്ലാ എംഎൽഎമാരും എംപിമാരും മുൻ മന്ത്രിമാരും വൈസ് ചെയർ പേഴ്സൺമാരാണ്. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ബോർഡ്‌ ചെയർപേഴ്സൺ എസ്. ജയമോഹനാണ് ജനറൽ കൺവീനർ. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡെപ്യൂട്ടി മേയർ, എല്ലാ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെയും ചെയർപേഴ്സൺമാർ,ട്രേഡ് യൂണിയൻ പ്രതിനിധികൾ, സർവീസ് സംഘടന പ്രതിനിധികൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, വ്യാപാരി വ്യവസായി ഭാരവാഹികൾ തുടങ്ങിയവരെയും ഉൾപ്പെടുത്തിയാണ് വിപുലമായ സംഘടക സമിതി രൂപീകരിച്ചത്.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ. ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ് ജയൻ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എസ്. ജയമോഹൻ, മുൻ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ, കേരള ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വെൽഫെയർ ഫണ്ട്‌ ബോർഡ്‌ ചെയർപേഴ്സൺ കെ. രാജഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയർമാൻ കെ സുഭഗൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts