Tuesday, August 26, 2025

നിവേദ്യത്തിലും പ്രസാദത്തിലും ഇനിമുതൽ അരളിപൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വംബോർഡ്.

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ പൂജയ്ക്കായും നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാളെ മുതൽ ക്ഷേത്രത്തിൽ തീരുമാനം നടപ്പിലാക്കും. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.

അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. അതേസമയം, അരളിപ്പൂവ് പൂർണമായും ക്ഷേത്ര ആവശ്യങ്ങളിൽ നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാർത്തൽ, പുഷ്പാഭിഷേകം, പൂമൂടൽ പോലെയുള്ള ചടങ്ങുകൾ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളിൽ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയിൽ തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങൾക്ക് കൈയിൽ കിട്ടുമ്പോൾ അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തിൽനിന്നും അർച്ചനയിൽനിന്നും ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്.

നേരത്തേ, ശബരിമല മുന്നൊരുക്കങ്ങൾ തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ അരളിപ്പൂവിന്റെ വിഷയം ചർച്ചയായിരുന്നു. ആലപ്പുഴയിൽ ഒരു യുവതി മരിച്ചത് അരളിപ്പൂവ് ശരീരത്തിനുള്ളിൽ ചെന്നാണ് എന്ന വാർത്തയും പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതിന്റെ വാർത്തയും പുറത്തുവന്നതോടെയാണ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts