Wednesday, August 27, 2025

അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച ‘അമ്മ’ യുടെ ആദ്യ ജനറൽ സെക്രട്ടറി ടി.പി. മാധവൻ്റെ ഓർമ ശക്തി കുറഞ്ഞു, ആരും അന്വേഷിക്കാനുമില്ല… വിളിക്കാനുമില്ല;

ആരോരുമില്ലാത്ത നടൻ ടി.പി. മാധവൻ്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ കണ്ണ് നിറയാത്തവരായി ആരും കാണില്ല.

ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെ ഓർമയുടെ തീരങ്ങളിൽ തപ്പിത്തടഞ്ഞ് ഗാന്ധിഭവനിൽ ജീവിക്കുകയാണ് ഒരു കാലത്തു മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ.

ഇപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവനിൽ ഓർമകൾ നഷ്ടപ്പെട്ട് അശരണനായി കഴിയുകയാണ്. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ ഇപ്പോൾ പല കാര്യങ്ങളും ഓർത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഗാന്ധി ഭവൻ പങ്കുവച്ച വിഡിയോയിലാണ് പുതുവസ്ത്രങ്ങൾ ധരിച്ച് ഉന്മേഷവാനായി ഇരിക്കുന്ന മാധവനെ കാണുന്നത്.

ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷമായങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, പത്തനാപുരം എംഎൽഎ ഗണേഷ്, ജയരാജ് വാര്യർ, നടി ചിപ്പിയും ഭർത്താവും മധുപാൽ തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകർ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്റെ അവസാനം വരെ ഗാന്ധിഭവൻ വേണ്ട ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞു.

ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘‘ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു’’ എന്നാണു ടി.പി. മാധവൻ പറഞ്ഞത്. സഹപ്രവർത്തകരൊക്കെ വരുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇവിടേക്ക് വരാനുള്ള സമയവും ഇല്ല, വഴിയുമില്ല. റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല എന്നൊക്കെയാണ് ഓർമകൾ നഷ്ടപ്പെട്ട അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് താമസിക്കാൻ സൗകര്യപ്പെടുത്തിയിട്ടുള്ളത്. മുറിയിൽ അവാർഡുകളും ആദരങ്ങളുമെല്ലാം ശ്രദ്ധാപൂർവം ഷോകേസിൽ വച്ചിട്ടുണ്ട്. ഗാന്ധിഭവനിൽ എത്തിയതിനു ശേഷമാണ് പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദേഹത്തിന് ലഭിച്ചതാണ്.

ടി.പി. മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട് എട്ടു വർഷം കഴിയുന്നു. സിനിമയെല്ലാം വിട്ട് ഹരിദ്വാറിൽ തീർത്ഥാടനത്തിന് പോയ ടി.പി. മാധവൻ മുറിയിൽ കുഴഞ്ഞു വീഴുകയും സന്യാസിമാർ അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിൽ ആക്കുകയും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയക്കുകയും ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകനായ പ്രസാദ് അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അദ്ദേഹം ഒന്നുരണ്ടു സീരിയലിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ മറവിരോഗം ബാധിക്കുകയായിരുന്നു. ഇപ്പോൾ പഴയ കാര്യങ്ങളൊന്നും ഓർമയില്ലാത്ത അവസ്ഥയിലാണ് അദ്ദേഹം.

Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts