തിരുവനന്തപുരം: പി.ജി. വിദ്യാർഥിനി ഡോ. ഷഹ്‌നയുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച മെഡിക്കൽ പി ജി അസോസിയേഷൻ മുൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഇ.എ റുവൈസിനെ പ്രതി ചേർത്ത് പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. ഇയാളെ പ്രതിയാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മറ്റ് അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് റുവൈസിനെ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ നാലിനു രാത്രിയാണ് മെഡിക്കൽ കോളജിന് സമീപത്തെ ഫ്‌ളാറ്റിൽ ഷഹ്‌നയെ മരിച്ചനിലയിൽ കണ്ടത്. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സമയമായിട്ടും കാണാതായതോടെ സഹപാഠികൾ അന്വേഷിച്ചെത്തിയപ്പോൾ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടെന്നാണു പരാതി. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടെന്നു ഷഹ്‌നയുടെ ബന്ധുക്കൾ ആരോപിച്ചു. അത്രയും സ്ത്രീധനം നൽകാൻ ഷഹ്‌നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്‌നയെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഷഹ്‌നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പും.
”സ്ത്രീധനം നൽകാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നു” എന്നാണ് കുറിപ്പിൽ പറയുന്നത്. പിതാവ് മരിച്ചു പോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും കുറിപ്പിൽ പറയുന്നു.
പി.ജി. ഡോക്ടറുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിനു നിർദേശം നൽകി. സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ശിശുവികസന വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ