എഴുകോൺ പഞ്ചായത്തിലെ മുക്കണ്ടം സ്കൂൾ എന്നറിപ്പെടുന്ന ഇരുമ്പനങ്ങാട് ഗവ. എൽ.പി.എസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഗ്രാമാപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്കൂൾ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രദ്ധയിൽ പെടുത്തിയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മന്ത്രി സന്ദർശിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ചെയ്തു.
ഇതേ തുടർന്ന് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്ന നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി സമിതിയ്ക്കും രക്ഷ കർത്താക്കൾക്കും ഉറപ്പു നൽകി. നൂറു വർഷത്തിലധികം പഴക്കമുള്ള സ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടത്തിന് 70 വർഷം കാലപ്പഴക്കമുണ്ട്.
കാലാകാലങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയാണ് സ്കൂൾ അധ്യയനം മുടങ്ങാതെ മുന്നോട്ടു കൊണ്ട് പോയത്. എന്നാൽ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് സ്കൂൾ കെട്ടിടം പോയത് കൊണ്ട് ഈ അധ്യയനവർഷം പൂർണമായും ഇവിടെ ക്ലാസ്സുകൾ നടത്താൻ കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ശക്തമായ ഇടപെടൽ നടത്തുകയും മന്ത്രിയുടെ ഉൾപ്പടെ സജീവ ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടു വരുകയും ചെയ്തത്.
ഈ വർഷം അധ്യയനം നടത്തുന്നതിലേക്കായി പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ 6 ലക്ഷം രൂപ വകയിരുത്തി തൊട്ടടുത്ത അംഗൻവാടി കെട്ടിടത്തിനോട് ചേർന്നു അടിസ്ഥാന സൗകര്യം ഒരുക്കി നൽകുന്ന പ്രവർത്തനം പഞ്ചായത്ത് ആരംഭിച്ചിട്ടുള്ളതായി മന്ത്രിയ്ക്കൊപ്പം സ്കൂൾ സന്ദർശിച്ച ഗ്രാമാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ അറിയിച്ചു.
ഗ്രാമാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി. ആർ.ബിജു., ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഗായത്രി,അധ്യാപകരായ രഞ്ജു, പ്രിൻസ് സംരക്ഷണസമിതി ഭരവാഹികളായ റെജി പണിക്കർ, എബിൻ ഷാജി, മാത്യു പണിക്കർ തുടങ്ങിയവർ മന്ത്രിക്കൊപ്പം സ്കൂൾ സന്ദർശിച്ചു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ