കൃഷിയിടങ്ങള്‍ സമൃദ്ധമാക്കി ജില്ലയുടെ നെല്ലറയാകാന്‍ കുളക്കട ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ നെല്‍കൃഷി പ്രോത്സാഹന ഫണ്ട് വിനിയോഗിച്ചാണ് ക്ഷാമം നേരിടുന്ന ഞവര ഉള്‍പ്പടെ ഉദ്പാദിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതി കൈകോര്‍ത്തത്. ‘സമഗ്ര നെല്‍കൃഷിവികസനം’ പദ്ധതി പ്രകാരം കുളക്കട പാടശേഖരത്ത് നിന്നും വിപണിയിലേക്ക് നെല്ല് നിറയുകയാണ്.
കാര്‍ഷിക പ്രതാപം വീണ്ടെടുക്കാന്‍ കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് അഞ്ചുവര്‍ഷ തുടര്‍ച്ചയില്‍ നെല്‍കൃഷി ചെയ്തുവരുന്നത്. 2020-2025 കാലയളവില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ഹെക്ടറിന് അഞ്ച് ലക്ഷം രൂപയും നെല്‍കൃഷി പ്രോത്സാഹന ഫണ്ടില്‍ നിന്നും ഹെക്ടറിന് 5500 രൂപയും സബ്‌സിഡി നല്‍കി. കിലോയ്ക്ക് 28.32 രൂപ നല്‍കി നെല്ല് സംഭരിച്ചു. എല്ലാ വര്‍ഷവും മെയ്-ജൂണ്‍ മാസങ്ങളില്‍ ഒന്നാം വിളയായി അഞ്ചേക്കര്‍ പാടശേഖരത്തിലും രണ്ടാം വിളയായി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 20 ഏക്കറില്‍ കൃഷിയും ചെയ്യുന്നു.
ഒരു വര്‍ഷം 80 മുതല്‍ 100ടണ്‍ വരെ നെല്ല് ഉത്പാദിപ്പിക്കുന്നു. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് പാടങ്ങളില്‍ വിളയുന്നത്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നെല്ല് സപ്ലൈകോ വഴി കര്‍ഷകര്‍ വിറ്റഴിക്കുന്നു.
പാടശേഖരസമിതി, കൃഷിക്കൂട്ടങ്ങള്‍ എന്നിവ മുഖേനയാണ് കൃഷി നടത്തുന്നത്. ഈ വര്‍ഷം (2025-2026) 22.5 ഏക്കറിലേക്ക് കൃഷിവ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. പൊതുവില്‍ ഉദ്പാദനക്ഷാമംനേരിടുന്ന നെല്ലിനമായ ഞവര പ്രത്യേക ഇനത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്നു വര്‍ഷമായി വിളയിക്കുന്നു. ഔഷധമൂല്യം നിലനിര്‍ത്താനായി തവിട്കളയാത്ത അരിയാണ് വിപണയിലേക്കെത്തിക്കുന്നത്;
കിലോയ്ക്ക് 200 മുതല്‍ 480 വരെയാണ് വില. സ്‌പെഷ്യാലിറ്റി റൈസ്ഫണ്ടില്‍നിന്നും ഹെക്ടറിന് 10000 രൂപ സബ്‌സിഡി നല്‍കുന്നുമുണ്ട്. ഞവര അരി കിലോയ്ക്ക് 180 രൂപ നിരക്കില്‍ കര്‍ഷകര്‍ പ്രാദേശികമായി വിപണനം നടത്തുന്നു. കുളക്കട പഞ്ചായത്തിലെ തളിര്‍ കൃഷിക്കൂട്ടമാണ് ഞവരകൃഷി ചെയ്തത്. നസര്‍ ബാത്ത്, ജീരകശാല, ഗന്ധകശാല, കറുത്ത ഞവര, കണിചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങളും കൃഷി വൈവിദ്ധ്യത്തില്‍ ചെയ്യുന്നു.
നെല്‍കൃഷിയുടെ പ്രാധാന്യം തലമുറകളിലേക്കെത്തിക്കാനും ആഭ്യന്തര ഉദ്പാദന വര്‍ധന ലക്ഷ്യമാക്കിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമാവധി ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല വ്യക്തമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080