Saturday, October 11, 2025

സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കൊട്ടാരക്കരയിൽ യാഥാർത്ഥ്യമാകുന്നു.

വൈജ്ഞാനികതൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യംസൃഷ്ടിക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സർക്കാർ പദ്ധതിയായ വർക്ക് നിയർ ഹോംമിന്റെ കൊട്ടാരക്കര സെന്ററിന്റെ നിർമാണം പൂർത്തിയായി.

ഐ.ടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായാണ് സംവിധാനം ഏർപ്പെടുത്തുന്നത്. കൊട്ടാരക്കരയിൽ തുടങ്ങുന്ന കേന്ദ്രത്തിൽ 157 പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സംവിധാനമാണ് ഉണ്ടാകുക.

ഗ്രാമപ്രദേശങ്ങളിൽ അത്യാധുനികസൗകര്യങ്ങളോടുകൂടിയ ജോലിസ്ഥലങ്ങൾ നിർമിച്ച് ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ അടക്കമുള്ള സംരംഭങ്ങൾക്കും വിദൂരജോലികൾ ഏറ്റെടുത്ത്‌ചെയ്യുന്നതിന് തൊഴിലിട ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം. ദീർഘദൂരം യാത്രചെയ്യാതെ വർക്ക് നിയർ ഹോം സൗകര്യം ഉപയോഗപ്പെടുത്താം. തൊഴിലിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന വീട്ടമ്മമാർക്കും യോഗ്യതയ്ക്കനുസൃതമായി വീടിനടുത്ത് തൊഴിൽ ലഭ്യമാകും.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്തുള്ള ബി.എസ്.എൻ.എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രത്തിന്റെ തുടക്കം. 9250 ചതുരശ്രയടി വിസ്തീർണമുള്ള രണ്ട്‌നില കെട്ടിടം പൂർത്തിയായി. വിശ്രമമുറി, വീഡിയോ കോൺഫറൻസിങ് ഉൾപ്പെടെ സൗകര്യമുള്ള കോൺഫറൻസ് റൂം, മീറ്റിംഗ് റൂം, കഫ്റ്റീരിയ, പ്രൈവറ്റ് ഓഫീസ് റൂം, പബ്ലിക് ഓഫീസ് റൂം, വൈഫൈ സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയ്‌ക്കൊപ്പം പാർക്കിംഗ്, ടോയ്ലെറ്റ്, കുടിവെള്ളസൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് നിലകളിലാണ് പ്രൊഫഷണലുകൾക്കായുള്ള സൗകര്യം. പൂർണമായും ശീതീകരിച്ച മുറികളുള്ള സംവിധാനങ്ങൾ സൗരോർജ്ജത്തിലാകും പ്രവർത്തിക്കുക.

കെ-ഡിസ്‌കിനാണ് പദ്ധതിയുടെ നിർവഹണചുമതല. 5.2 കോടി രൂപയാണ് കിഫ്ബി പദ്ധതിക്കായി നൽകിയത്. വീട്ടിലിരുന്ന് ജോലിചെയ്യുന്നവർ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലിചെയ്യാനുള്ള സൗകര്യം നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾ, സ്വന്തമായി ചെറുസംരംഭങ്ങൾ നടത്തുന്നവർ തുടങ്ങിയവർക്ക് പദ്ധതി പ്രയോജനപ്പെടുത്താം.

കേരളത്തിൽ വർക്ക് നിയർ ഹോമിന്റെ 10 പൈലറ്റ് പ്രൊജക്ടുകളാണ് വരുന്നത്. ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്യാമ്പസ് കൊട്ടാരക്കരയിലെ നെടുവത്തൂരിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. നഗരത്തിൽ ഡ്രോൺ റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ പ്രൊഫഷണലുകൾക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന വർക്ക് നിയർ ഹോം കൊട്ടാരക്കരയിൽ ഉടൻ പ്രവർത്തനമാരംഭിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts