കൊല്ലം : മാരിടൈം എഡ്യൂക്കേഷൻ ആൻഡ് എഡ്യൂടെയിൻമെൻ്റ് മേഖലയിലെ ആദ്യ പി പി പി (പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പ്) പദ്ധതിയുടെ ഉദ്ഘാടനവും അംഗീകാര പത്രത്തിൻ്റെ കൈമാറ്റവും നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറി കെട്ടിടത്തിൽ ഡോ.സുജിത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. മത്സ്യ മേഖലയിലെ ജനങ്ങൾക്ക് തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വരുന്ന അധ്യയന വർഷത്തിൽ കോഴ്സുകൾ ആരംഭിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈൻ എ. ഹഖ് കൺസോർഷ്യം ലീഡ് പാർട്‌ണർ ഷെമീർ താഴെപീടികയിലിനു ലെറ്റർ ഓഫ് അവാർഡ് കൈമാറി.
നീണ്ടകരയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനായി പണികഴിപ്പിച്ച കെട്ടിടത്തിലും അനുബന്ധ ഭൂമിയിലുമാണ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. പ്രദേശത്തെ വിനോദസഞ്ചാരസാധ്യത കൂടി കണക്കിലെടുത്ത് എഡ്യൂക്കേഷൻ- എഡ്യൂടെയിൻമെൻ്റ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡിജി ഷിപ്പിങ്ങിന് കീഴിൽ വരുന്ന 55 അധികം കോഴ്സുകളും വിവിധ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട കോഴ്സുകളും യൂറോപ്പ്യൻ യൂണിവേഴ്സിറ്റികളുമായി ചേർന്ന് മാരിടൈം ജോലി സാധ്യതയുള്ള അന്താരാഷ്ട്ര കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കും. അഷ്ടമുടി കായൽ കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും.
നീണ്ടകര മാരിടൈം സാധ്യതയുള്ള പ്രദേശമായതിനാൽ മറൈൻ ക്രൂയിസ് പോലുള്ള മറൈൻ ടൂറിസവും സാധ്യമാക്കും. ദേശീയപാതയുടെ സമീപത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാരിടൈം എക്സ്പീരിയൻസ് സെൻ്റർ, മാരിടൈം മ്യൂസിയം, ചെറിയ കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ്യാർഡ് എന്നിവയും ഒരുക്കും.
കേരള മാരിടൈം ബോർഡ് ചെയർപേഴ്സൺ എൻ.എസ്.പിള്ള അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുതവാര്യർ, കേരള മാരിടൈം ബോർഡ് അംഗങ്ങളായ എച്ച്. ബേസിൽ ലാൽ, നസീർ വെമ്പായം, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിജ അനിൽ, ഷേർളി ഹെൻറി തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
