Tuesday, August 26, 2025

അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യ; ആത്മഹത്യ പ്രശ്നങ്ങളെ അവസാനിപ്പിക്കുന്നില്ല, മറിച്ച് അവ മറ്റുള്ളവരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്; അഷ്‌റഫ് താമരശ്ശേരി

യു.എ.ഇ യിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;

അടുത്തതിടെ പ്രവാസികൾക്കിടയിൽ ആത്മഹത്യകൾ വീണ്ടും വർദ്ധിച്ചുവരികയാണ്. ഒരുപാട് തവണ അവതരിപ്പിച്ച വിഷയമാണ്. എന്നാലും വീണ്ടും വീണ്ടും ഉണർത്താൻ ആഗ്രഹിക്കുകയാണ്.

ആത്മഹത്യ അതീവ ഗുരുതരമായ ചിന്താഗതിയാണ്.

ആത്മഹത്യയുടെ കാരണങ്ങൾ സങ്കീർണ്ണവും ബഹുമുഖവുമാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദരോഗം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫലപ്രദമായ ആത്മഹത്യ തടയൽ ശ്രമങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുന്നതിനും ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനും ഈ പ്രശ്നത്തെക്കുറിച്ചുള്ള സമഗ്ര ധാരണ അത്യാവശ്യമാണ്.

ആത്മഹത്യയുടെ മനഃശാസ്ത്രം;
സാധാരണയായി, ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നവർ തീവ്രമായ മാനസിക വേദനയും നിരാശയും അനുഭവിക്കുന്നുണ്ട്. അവർ തങ്ങളുടെ പ്രശ്നങ്ങൾക്കു മറ്റ് പരിഹാരമാർഗങ്ങൾ ഒന്നുംതന്നെ ഇല്ലെന്ന് വിശ്വസിക്കുകയും, ജീവിതത്തിൽ നിന്ന് രക്ഷപ്പെടുക എന്നതാണ് ഏക മാർഗമെന്ന് കരുതുകയും ചെയ്യുന്നു. നിസ്സഹായത, ഏകാന്തത, ഉയർന്നതോതിലുള്ള അപകർഷതാബോധം മൂല്യമില്ലായ്മ എന്നീ വികാരങ്ങൾ അവരെ വളരെയധികം അലട്ടുന്നു. പലപ്പോഴും നിരന്തരമായ മാനസിക സമ്മർദം, വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയെല്ലാം ഈ ചിന്താഗതിയിലേക്ക് നയിക്കുന്നു.

ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ഭാരമാണെന്ന് കരുതുന്നു. മറ്റു ചിലർ ആത്മഹത്യയിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നു. അറ്റെൻഷൻ സീക്കിങ്നായി ആത്മഹത്യയെക്കുറിച്ചു ഇവർ തന്റെ പ്രിയപെട്ടവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും അവസാനം അത് പ്രവർത്തിക്കുകയും ചെയ്യും.

“വിഷാദവും ആത്മഹത്യാ ചിന്തകളും പെട്ടെന്നുണ്ടാകുന്ന പ്രതിഭാസങ്ങളല്ല. അവ സാധാരണയായി ഒരു ദീർഘകാല പ്രക്രിയയുടെ ഫലമാണ്. ചെറിയ വിഷാദത്തിൽ തുടങ്ങി, കാലക്രമേണ അത് കൂടുതൽ തീവ്രമാകുന്നു. ഈ വിഷാദം ക്രമേണ ഗുരുതരമായ മാനസികാവസ്ഥയിലേക്ക് വളരുകയും, അവസാനം വിഷാദം മൂർച്ഛിക്കുന്ന ഘട്ടത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാൻ സാധ്യതയേറുകയും ചെയ്യുന്നു.”

ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയും ആത്മഹത്യാ ചിന്തകൾക്ക് കാരണമാകാം. കടബാധ്യത, തൊഴിൽ നഷ്ടം, പ്രണയ പരാജയം തുടങ്ങിയ കാരണങ്ങളാൽ ചിലർ തീവ്ര നിരാശയിലാകുന്നു. ഇത് ചിലപ്പോൾ കുടുംബം മുഴുവനുള്ള ആത്മഹത്യകളിലേക്കും പങ്കാളികളുടെ ഒരുമിച്ചുള്ള ആത്മഹത്യയിലേക്കും നയിക്കാം. ഇത്തരം സാഹചര്യങ്ങളിൽ, വ്യക്തികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നുവെന്ന തെറ്റായ ധാരണയിലാണുണ്ടാവുക. ആത്മഹത്യയുടെ പ്രത്യാഘാതങ്ങൾ കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവയെ സാരമായി ബാധിക്കുന്നു എന്നുള്ളതാണ്.

ആത്മഹത്യ പരിഹാരമല്ല;
ആത്മഹത്യ പ്രശ്നങ്ങളെ അവസാനിപ്പിക്കുന്നില്ല, മറിച്ച് അവ മറ്റുള്ളവരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും കടുത്ത മാനസിക വേദനയും ദുഃഖവും ഉണ്ടാക്കും. പലപ്പോഴും താൽക്കാലിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ആത്മഹത്യയെ കാണുന്നു. എന്നാൽ മിക്ക പ്രശ്നങ്ങൾക്കും കാലക്രമേണ പരിഹാരമുണ്ടാകും.

ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ, അവയെ നേരിടാനും അതിജീവിക്കാനുമുള്ള കഴിവ് നമുക്കുണ്ടെന്ന് ഓർക്കണം. സഹായം തേടുന്നതും പ്രശ്നങ്ങളെ നേരിടുന്നതും ശക്തിയുടെ അടയാളമായാണ് മനസ്സിലാക്കേണ്ടത്. ആത്മഹത്യയ്ക്ക് പകരം, പ്രൊഫഷണൽ സഹായം തേടുക, വിശ്വസ്തരായ സുഹൃത്തുക്കളോട് സംസാരിക്കുക, ജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുക.
നമുക്ക് ജീവിക്കാം മനോഹരമായ ഈ ഭൂമിയിൽ.. കഴിയുന്നിടത്തോളം കാലം.

സ്നേഹപൂർവ്വം,
അഷ്‌റഫ് താമരശ്ശേരി

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts