കൊല്ലം: മഴയുടെ പശ്ചാത്തലത്തിൽ ദേശീയപാത ഉൾപ്പെടെ .വിവിധ റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. തുടർനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് അധ്യക്ഷനായ ജില്ലാ കലക്ടർ എൻ ദേവിദാസ് നിർദ്ദേശം നൽകി.
മൺട്രോത്തുരുത്ത് പെരിങ്ങാനം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പുതിയ ബോട്ടുകൾ അനുവദിച്ച് മുടക്കമില്ലാതെ സർവീസുകൾ നടത്തണമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആവശ്യപ്പെട്ടു. പെരിങ്ങാനം – ശാസ്താംകോട്ട സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് യോഗം ചേരാനും തീരുമാനിച്ചു.
നീണ്ടകര താലൂക്ക് ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. ശക്തികുളങ്ങര ഹാർബർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും മണ്ഡലത്തിലെ വിവിധ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന് സ്ഥലമേറ്റെടുപ്പ് പ്രക്രിയ വേഗത്തിലാക്കണമെന്നും സുജിത് വിജയൻപിള്ള എം.എൽ.എ പറഞ്ഞു.
ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസ് – പ്രദേശങ്ങളിൽ ഇരുവശങ്ങളിലായുള്ള ഓടകളിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോൻ ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രി, സർക്കാർ വിക്ടോറിയ ആശുപത്രി റോഡ് മുഴുവനായി കൈയേറിയുള്ള കച്ചവടം രണ്ട് ദിവസത്തിനകം ഒഴിപ്പിക്കാൻ കോർപ്പറേഷൻ അധികൃതർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്താണ് ഗ്യാസ് ഉപയോഗിച്ച് പല തട്ടുകടകളും പ്രവർത്തിക്കുന്നത്. അപകട സാഹചര്യം കണക്കിലെടുത്ത് പോലീസിന്റെ സഹായത്തോടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ദുരന്തനിവാരണ നിയമപ്രകാരം ഈ പ്രദേശം അപകടമുക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ. ഗോപൻ ഉന്നയിച്ച വിഷയത്തിലാണ് മറുപടി.
മൂന്നുവർഷമായി നിർത്തിവച്ച കൊല്ലം- ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും കൊല്ലം താലൂക്കിലെ സർവേയർമാരുടെ അപര്യാപ്തത പരിഹരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അധിക ചികിത്സാസൗകര്യം, സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം തുടങ്ങിയ വിഷയങ്ങൾ കെ സി വേണുഗോപാൽ എം.പിയുടെ പ്രതിനിധി തൊടിയൂർ രാമചന്ദ്രൻ ശ്രദ്ധയിൽപ്പെടുത്തി.
അതിഥി തൊഴിലാളികളുടെ ജീവിത നിലവാരവും താമസസ്ഥലത്തെ പരിശോധനകളും സമയബന്ധിതമായി നടത്തമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാൽ ആവശ്യപ്പെട്ടു.
കൊല്ലം- കൊട്ടാരക്കര റൂട്ടിൽ റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈൻ മാർക്കിംഗ് ഉൾപ്പെടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എയുടെ പ്രതിനിധി പറഞ്ഞു. കരുനാഗപ്പള്ളിയിലെ അമൃത് കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്ന് സി.ആർ മഹേഷ് എം.എൽ.എ പ്രതിനിധി ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ നിഷാന്ത് സിൻഹാര, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080