Sunday, June 15, 2025

കുണ്ടറയിൽ പൊട്ടിക്കിടന്ന ഇലക്ട്രിക്ക് ലൈനിൽ നിന്നും വൈദ്യുതാഘാമേറ്റ് ഗൃഹനാഥൻ മരിച്ചു. രക്ഷപ്പെടുത്താൻ ശ്രമിച്ച മകൾ പൊള്ളലേറ്റ് ആശുപത്രിയിൽ.

കുണ്ടറ : പൊട്ടിക്കിടന്ന ഇലക്ട്രിക്ക് ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ ഗൃഹനാഥൻ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജങ്ഷന് സമീപം പത്മാലയത്തിൽ ഗോപാലകൃഷ്ണ പിള്ള (72) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ പുല്ല് ശേഖരിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

രക്ഷിക്കാനുള്ള ശ്രമത്തിൽ ഒപ്പമുണ്ടായിരുന്ന മകൾ അശ്വതിക്ക് കൈക്ക് പൊള്ളലേറ്റു. അശ്വതി ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കമ്പി തട്ടിമാറ്റി. സമീപവാസിയായ ആംബുലൻസ് ഡ്രൈവർ അരുൺ ഗോപാലകൃഷ്ണന് സിപിആർ നൽകിയശേഷം പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാടൻകാവ് തലപ്പറമ്പ് റോഡിൽ മരം വീണ് മൂന്ന് തൂണുകൾ ഒടിഞ്ഞുപോയിരുന്നു. ഞായറാഴ്ചയോടെ സമീപത്തെ ഏതാനും വീടുകൾക്ക് സർവ്വീസ് വയറുകൾ വലിച്ച് താൽക്കാലികമായി വൈദ്യുതി നൽകിയിരുന്നു. പൊട്ടിക്കിടന്ന കമ്പികളിൽ അബദ്ധത്തിൽ വൈദ്യുതി പ്രവഹിച്ചതാവാം അപകടകാരണമായതെന്ന് കരുതുന്നു.

പത്മാവതി അമ്മയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. അഖില രണ്ടാമത്തെ മകളാണ്. മരുമക്കൾ: രമേശ് കുമാർ, അരുൺ കുമാർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts