Tuesday, August 26, 2025

മദ്യം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ; ഓൺലൈൻ മദ്യവിൽപനയ്ക്ക് ശുപാർശയുമായി ബെവ്‌കോ; താൽപ്പര്യം അറിയിച്ച് സ്വിഗ്ഗി

ഭക്ഷണം ഓൺലൈനിൽ ഓഡർ ചെയ്യുന്നത് പോലെ ഇനി മദ്യവും ഓൺലൈനിൽ ഓഡർ ചെയ്യാൻ കഴിഞ്ഞേക്കും. മദ്യവിൽപ്പന ഓൺലൈനാക്കാൻ സർക്കാരിന് മുന്നിൽ അപേക്ഷ നൽകിയിരിക്കുകയാണ് ബെവ്കോ കോർപറേഷൻ. ഇതിനുള്ള മൊബൈൽ ആപ്പ് നിർമിക്കുന്ന പ്രവർത്തനങ്ങളിലാണ് ബെവ്‌കോ. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. 3 വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിനു ശുപാർശ നൽകുന്നുണ്ടെന്നും, അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

മദ്യം ഓൺലൈനായി വിതരണം ചെയ്യുന്നതിനുള്ള ആപ്പ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് എംഡി പറ‍ഞ്ഞു. 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ. തിരിച്ചറിയൽ കാർഡുകൾ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യ വിതരണത്തിന്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.

കോവിഡ് കാലത്ത് മദ്യം ഓൺലൈനിലൂടെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതിൽപ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചർച്ചകൾ മുന്നോട്ടുപോയില്ല. സർക്കാരും വേണ്ടത്ര താൽപര്യം കാണിച്ചില്ല. തിരഞ്ഞെടുപ്പ് വരുന്നതിനാൽ ബെവ്‌കോ നിർദേശം സർക്കാർ പരിഗണിക്കാനിടയില്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts