മകളെ മണ്ഡപത്തിലേക്ക് ആനയിച്ച് സുരേഷ്ഗോപിയും കുടുംബവും; വരണമാല്യം കൈമാറിയത് മോദി; സാന്നിദ്ധ്യമായി മമ്മൂട്ടിയും മോഹൻലാലും.
ഗുരുവായൂർ: രാഷ്ട്രീയ പ്രധാന്യമുള്ള പ്രമുഖരുടേയും ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെയും സാന്നിദ്ധ്യത്തിൽ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങ് നടന്നു.
സിനിമാമേഖലയിൽ നിന്നും സുരേഷ്‌ഗോപിക്ക് വളരെ അടുപ്പമുള്ള മോഹൻലാലും മമ്മൂട്ടിയും ദിലീപും ബിജുമേനോനും നടി ഖുശ്ബുവുമെല്ലാം സാക്ഷികളായ താലികെട്ട് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യമായിരുന്നു ഏറ്റവും സവിശേഷത. അതെ സമയം വിവാഹം നടക്കുന്ന മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു.
നേരത്തെ നിശ്ചയിച്ചതിലും അല്പം വൈകിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ദർശന ശേഷം 8.45 ഓടെ ക്ഷേത്രം കിഴക്കെ നടയിലെ വിവാഹ മണ്ഡപത്തിൽ അദ്ദേഹമെത്തി. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും മാവേലിക്കര സ്വദേശി മോഹൻ ശ്രീദേവി ദമ്ബതികളുടെ മകൻ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട് വധൂവരൻമാർക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നൽകി. തുടർന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തിൽ നിന്നിറങ്ങിയത്.
സുരേഷ്‌ഗോപിയും നടനും മകനുമായ ഗോകുൽ സുരേഷും ഉൾപ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നൽകി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ