വേളാങ്കണ്ണി പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എറണാകുളം–പുനലൂർ വഴി ഒരു ട്രെയിനും തിരുവനന്തപുരം–നാഗർകോവിൽ വഴി മറ്റൊരു ട്രെയിനുമാണ് അനുവദിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ പുനലൂർ വഴിയുള്ള ട്രെയിനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ തെക്കൻ കേരളത്തിലെ തീർത്ഥാടകർക്ക് വേളാങ്കണ്ണിയിലേക്ക് കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം ഭാഗത്തുനിന്നും പ്രത്യേക സർവീസ് ആരംഭിക്കണമെന്ന് നേരിട്ട് റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പുതിയ സർവീസ് കൂടി അനുവദിച്ചിരിക്കുന്നത്.
എറണാകുളത്തു നിന്നും രാത്രി 11.55 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ച കഴിഞ്ഞ് 03.15ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 എന്നീ തീയതികളിലാണ് എറണാകുളത്തു നിന്നുള്ള സർവീസ് ഉണ്ടായിരിക്കുന്നത്. തിരിച്ചുള്ള യാത്ര വേളാങ്കണ്ണിയിൽ നിന്ന് ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ പകൽ 11.55-ന് ആരംഭിക്കും. എസി ഉൾപ്പെടെ 18 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടായിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര, ആവണീശ്വരം എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
അതേസമയം, തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ച കഴിഞ്ഞ് 03.15ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 3.55-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഓഗസ്റ്റ് 27, സെപ്റ്റംബർ 3 എന്നീ തീയതികളിലാണ് ഈ സർവീസ് ഉണ്ടായിരിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്ന് രാത്രി 7.30-ന് പുറപ്പെടുന്ന തിരിച്ചുള്ള സർവീസ് ഓഗസ്റ്റ് 28, സെപ്റ്റംബർ 4 എന്നീ തീയതികളിൽ ഉണ്ടായിരിക്കും.
വേളാങ്കണ്ണി തീർത്ഥാടനത്തിനായി സഞ്ചരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഈ നടപടികൾ വലിയ ആശ്വാസവും സൗകര്യവും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080