കൊല്ലം : പൊതു ജനാഭിപ്രായം സ്വരൂപിക്കുന്നതിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ ഏകോപനത്തിൽ സംഘടിപ്പിച്ച ‘എന്റെ കേരളം പ്രദർശന വിപണന മേള’ ആശ്രാമം മൈതാനത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തുടർച്ചയായ ഒമ്പത് വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ മാറ്റങ്ങൾ ദേശീയ –
അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയതാണ്.
നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള ഉയർന്ന നിലവാരത്തിലുള്ള റോഡുകളുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുപ്പിന് ന്യായവില നൽകുന്ന സർക്കാരാണ് ഇത്. മലയോര ഹൈവേ, ഐ.ടി പാർക്ക്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, കൊല്ലം തുറമുഖ വികസനം, ജില്ലാ കോടതി, ഓഷനേറിയം, അഷ്ടമുടി ടൂറിസം സർക്യൂട്ട് വികസനം തുടങ്ങി എണ്ണിയാൽ തീരാത്ത പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.
വാഗ്ദാനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. 100 ശതമാനം സാക്ഷാത്കരിക്കാൻ സാധ്യമായ കാര്യങ്ങൾ മാത്രമേ സർക്കാർ പറയൂ. നവംബർ ഒന്നിന് അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും, സാമ്പത്തിക പ്രതിസന്ധിയിലും വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും അധ്യക്ഷയായ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഹൈടെക് സൗകര്യങ്ങളോടുള്ള സ്കൂളുകൾ, താലൂക്ക്-ജില്ല ആശുപത്രി വികസനം, 1,40000 പുതു സംരംഭങ്ങൾ തുടങ്ങിയവ നടപ്പാക്കി.
സംസ്ഥാനത്തെ 60 ശതമാനം റോഡുകൾ ബിഎം- ബിസി നിലവാരത്തിൽ ഉയർത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ പി എസ് സി നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നും സ്ത്രീ ശാക്തീകരണത്തിൽ സംസ്ഥാനം ബഹുദൂരം മുന്നിലാണെന്നും മന്ത്രി പറഞ്ഞു. മേയർ ഹണി, എം നൗഷാദ് എം.എൽ.എ, ജില്ലാ കലക്ടർ എൻ ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ് ജയൻ, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, റൂറൽ എസ് പി സാബു മാത്യു, എ. ഡി. എം. ജി നിർമ്മൽ കുമാർ, ഐ ആൻഡ് പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ശൈലേന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080