കന്നി വോട്ട് ചെയ്യുന്ന ആവേശത്തിലാണ് അഷ്ടമുടി സ്വദേശി ശ്രീകുമാർ.. ഈ കന്നി വോട്ടിന് ഒരു പ്രത്യേകതയുണ്ട് 67 മത്തെ വയസ്സിലാണ് എന്ന് മാത്രം.
കൊല്ലം: അഷ്ടമുടി തെങ്ങുവിളയിൽ വീട്ടിൽ ശ്രീകുമാർ അറുപത്തി ഏഴാമത്തെ വയസ്സിൽ ആദ്യമായി വോട്ട് ചെയ്യാൻ തയ്യാറായിരിക്കുകയാണ്. അറുപത്തേഴാം വയസ്സിൽ ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് ശ്രീകുമാർ. തന്റെ 27-ാം വയസ്സിൽ പ്രവാസിയായ ശ്രീകുമാർ നാളിതുവരെയും വോട്ട് ചെയ്തിട്ടില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തിയിട്ട് ജൂലായിൽ ഒരു വർഷം ആകുന്നതേയുള്ളു.
ഇതിന് മുൻപ് ലീവിന് നാട്ടിൽ വന്നപ്പോൾ രണ്ടു മൂന്നു തവണ തിരഞ്ഞെടു പ്പ് ഉണ്ടായിരുന്നെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഇല്ലാഞ്ഞതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
1988-ൽ ആരംഭിച്ച വിദേശ ജീവിതം 2023 ജൂലായിൽ അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തി. നാട്ടിലെത്തിയ ശേഷം ആദ്യമായെത്തിയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന ആഗ്രഹത്തെ തുടർന്നാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്. ശ്രീകുമാറിന് ഒരു രാഷ്ട്രീയപാർട്ടിയോടും പ്രത്യേക മമതയില്ല. പണ്ടത്തെ രാഷ്ട്രീയക്കാർക്കുള്ള സ്നേഹവും ആത്മാർഥതയും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഇല്ലെന്നാണ് ശ്രീകുമാർ പറയുന്നത്. തിരഞ്ഞെടുപ്പ് എത്തിയാൽ നാട്ടിലേക്കാൾ ആവേശമാണ് വിദേശത്ത് മലയാളികൾക്കിടയിൽ. അത്രയും ആവേശമൊന്നും ഇന്ന് ഇവിടെ കാണാനില്ല എന്നും ശ്രീകുമാർ പറഞ്ഞു. ആര് ഭരിച്ചാലും വരുന്ന തലമുറയെങ്കിലും നമ്മുടെ നാട്ടിൽ ജോലിചെയ്ത് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് ശ്രീകുമാറിന്റെ അഭിപ്രായം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp