Tuesday, August 26, 2025

എത്ര കിട്ടുമെന്ന് ചോദിച്ചു പോയി: അവസ്ഥ കൊണ്ടാണ്; ലാല്‍ സാറിന്റെ സിനിമയാണെന്നൊന്നും അറിയില്ലായിരുന്നു: ഷൈജു അടിമാലി

തികച്ചും അപ്രതീക്ഷിതമായിട്ടാണ് തുടരും എന്ന ചിത്രത്തിലെ കഥാപാത്രം തന്നെ തേടിയെത്തുന്നതെന്ന് നടന്‍ ഷൈജു അടിമാലി. തുടരും സിനിമയുടെ ആദ്യ പോസ്റ്ററുകളില്‍ ഒന്ന് സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ പിറകില്‍ ഒരാളെ ഇരുത്തി മോഹന്‍ലാല്‍ പോകുന്നതായിരുന്നു.

ആ പിറകില്‍ ഇരിക്കുന്ന ഒരാളായി മാറാന്‍ സാധിച്ചത് തന്റെ ഭാഗ്യം മാത്രമാണെന്നും ഷൈജു പറയുന്നു. മോഹന്‍ലാല്‍ സാറിനൊപ്പം ഒരു സിനിമയൊന്നും സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തുടരും സിനിമയുടെ കോള്‍ തന്നെ തേടി വന്നപ്പോള്‍ ഒരബദ്ധം തനിക്ക് പറ്റിയെന്നും വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൈജു പറയുന്നു.

ആ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസില്‍ ആദ്യം തെളിഞ്ഞ മുഖം തരുണ്‍ മൂര്‍ത്തി സാറിന്റേതാണ്. സാര്‍ എന്നോട് കുറച്ചു നാള്‍ മുന്‍പ് കണ്ടപ്പോള്‍ ഇങ്ങനെ ഒരു പടം ഉണ്ടെന്നോ ഇങ്ങനെ ഒരു വേഷം ഉണ്ടെന്നോ പറഞ്ഞിരുന്നില്ല. ചേട്ടാ നമ്മുടെ ഒരു പരിപാടി വരുന്നുണ്ട്. ചേട്ടന്‍ ആ താടിയൊന്നും വടിക്കേണ്ട കേട്ടോ, ചുമ്മാ വേണ്ടി വന്നാല്‍ നമുക്ക് ഉപയോഗിക്കാലോ എന്നല്ലാതെ ഇങ്ങനെ ഒരു മികച്ച പടമാണെന്നോ അതിനകത്ത് ഒരു വേഷമുണ്ടെന്നോ ഒന്നും സാര്‍ പറഞ്ഞിട്ടില്ല.

ഞാനത് ചിന്തിച്ചിട്ടുമില്ല. ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഡിക്‌സണ്‍ ചേട്ടന്‍ കണ്‍ട്രോളര്‍ വിളിക്കുമ്പോഴാണ് ഇത് ഞാനറിയുന്നത്. അപ്പോഴും എനിക്ക് ഒരു അബദ്ധം പറ്റി. അദ്ദേഹം വിളിക്കുന്ന സമയം പ്രോഗ്രാമൊക്കെ കുറഞ്ഞ് സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന സമയമാണ്. അദ്ദേഹം വിളിച്ചിട്ട് ഷൈജു, ഒരു പടമുണ്ട്. കുറച്ച് ദിവസം വേണ്ടി വരുമെന്ന് പറഞ്ഞു.

അതുവരെ ഞാനും ഭാര്യയും മക്കളും സംസാരിച്ചുകൊണ്ടിരുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു. അത് മനസിലുള്ളതുകൊണ്ട് തന്നെ ഞാന്‍ ആദ്യം ചോദിച്ചത് ചേട്ടാ നമുക്ക് എത്ര പൈസ കിട്ടുമെന്നായിരുന്നു. ആ ബുദ്ധിമുട്ടുകൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചു പോയത്. ഷൈജു, ഡയറക്ടറും പ്രൊഡ്യൂസറുമൊക്കെ ഈ ക്യാരക്ടറിന് ഒരു തുക ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു.

ചേട്ടാ എത്ര ദിവസമാണ് വര്‍ക്ക് എന്ന് ചോദിച്ചു. എന്തെങ്കിലും പരിപാടി ഇതിനിടെ വന്നാല്‍ പോകാന്‍ പറ്റുമോ എന്നൊക്കെ ഓര്‍ത്തിട്ടാണ്. അത് ലാല്‍ സാറിന്റെ ഡേറ്റ് നോക്കിയിട്ടാണ് ചെയ്യുക എന്ന് പറഞ്ഞു. എന്ത് ! എന്ന് ചോദിച്ചപ്പോള്‍ ലാല്‍ സാറിന്റെ ഡേറ്റ് എന്ന് പറഞ്ഞു. ഒരു നിമിഷം ഞാന്‍ സ്റ്റക്കായി. ഞാനും ഭാര്യയും മക്കളുമൊക്കെ അടുത്തുണ്ട്. ചേട്ടാ ഞാന്‍ ഇപ്പോള്‍ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

നമ്മുടെ പിടിവിട്ട് പോകുമല്ലോ. ആ മഴക്കാലത്ത് ആ ബുദ്ധിമുട്ടില്‍ ദൈവം ഇറങ്ങി വന്ന് ഒരു സന്തോഷം തന്നതുപോലെയായി. ആ ബുദ്ധിമുട്ടുകളെല്ലാം സെക്കന്റുകള്‍ കൊണ്ട് മാറി അത് വേറൊരു സന്തോഷത്തിലേക്ക് മാറാനുമൊക്കെ ഇടയായി. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വല്ലാതെ സങ്കടം വന്നുപോയി.

ഉടന്‍ തന്നെ ഞാന്‍ ഡിക്‌സണ്‍ ചേട്ടനെ വിളിച്ചിട്ട്, ചേട്ടാ എന്തായാലും കുഴപ്പമില്ല കേട്ടോ ഞാന്‍ ഓക്കെയാണേ, ഓക്കെയാണേ എന്ന് പറഞ്ഞു. ഇല്ല ഷൈജു, അങ്ങനെയൊന്നും വേണ്ട ഷൈജുവിന് ഒരു പേമെന്റുണ്ട് അത് കൃത്യമായി കിട്ടുമെന്ന് പറഞ്ഞു. അതില്‍ കൂടുതല്‍ എനിക്ക് രജപുത്ര രഞ്ജിത് എന്ന ഞങ്ങളുടെ പ്രൊഡ്യൂസര്‍ തന്നു എന്നുള്ളതാണ്. ഞാന്‍ പറഞ്ഞതിനേക്കാള്‍ പേയ്‌മെന്റ് അദ്ദേഹം തന്നു. പേയ്‌മെന്റിനെ കുറിച്ച് പറയാന്‍ വേണ്ടിയല്ല ഇതുപറഞ്ഞത്.

അങ്ങനെ ഒരു പടത്തിലേക്ക് വിളിച്ചപ്പോള്‍ എനിക്കുണ്ടായ ഒരു അവസ്ഥയെ കുറിച്ചും അബദ്ധത്തെ കുറിച്ചും പറഞ്ഞതാണ്. എന്റെ അവസ്ഥ ഡിക്‌സണ്‍ ചേട്ടന്‍ മനസിലാക്കി എന്നതാണ്. എന്നെപ്പോലെ ഒരു കലാകാരന് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാക്കി. അവര്‍ക്കറിയാമല്ലോ ഇത് ലാല്‍ സാറിന്റെ പടമാണെന്ന്. ഓ അവന്‍ പേമെന്റ് ചോദിക്കുകയാണോ എന്ന് ചോദിച്ച് എന്നെ വേണമെങ്കില്‍ കട്ടാക്കാമായിരുന്നു. വേറെ ഇഷ്ടംപോലെ ആള്‍ക്കാര്‍ നില്‍പ്പുണ്ടല്ലോ. പക്ഷേ അവര്‍ അത് ചെയ്തില്ല.

പിന്നെ തരുണ്‍ സാറും രഞ്ജിത് സാറും നേരത്തെ നമ്മള്‍ക്ക് ഈ വേഷം വെച്ചിരുന്നു. അതുകൊണ്ടാണ് താടിയൊക്കെ വളര്‍ത്താന്‍ പറഞ്ഞത്,’ ഷൈജു പറയുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts