Tuesday, August 26, 2025

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

യുഎഇ : ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

നിതീഷ് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങളുടെ തീരുമാനമുണ്ടാവുകയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയൻ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts