എഴുകോൺ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ഉടൻതന്നെ പ്ലാറ്റ്ഫോമിന്റെ നീളം 580 മീറ്ററായി വർദ്ധിപ്പിക്കും. അതോടൊപ്പം പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന സൗകര്യങ്ങളായ പ്ലാറ്റ്ഫോം ഷെൽട്ടർ, കുടിവെള്ളം, ശൗചാലയത്തിന്റെ നവീകരണം, പ്ലാറ്റ്ഫോമിന്റെ തറ എന്നിവ നവീകരിക്കും.
നിലവിൽ ഫ്ലാഗ് സ്റ്റേഷൻ ആയ എഴുകോണിൽ ടിക്കറ്റ് റിസർവേഷൻ ഉള്ള സംവിധാനം കൂടി ഏർപ്പെടുത്തണമെന്ന് സന്ദർശനത്തിനിടയിൽ റെയിൽവേ ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. ഇതോടൊപ്പം നിലവിൽ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്ത വേളാങ്കണ്ണി എക്സ്പ്രസ്, ചെന്നൈ എഗ്മോർ എക്സ്പ്രസ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ ഡിവിഷൻ തലത്തിൽ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ സ്റ്റേഷനിൽ മതിയായ പാർക്കിംഗ് സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ എംപി അടിയന്തിരമായി വിപുലമായ പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കണമെന്നും മുൻപ് ഉപയോഗത്തിലിരുന്ന് സ്റ്റേഷനു മുൻവശത്തെ റോഡ് വീണ്ടും ഉപയോഗയോഗ്യമാക്കണമെന്നും പറഞ്ഞു.
എഴുകോൺ സ്റ്റേഷനിൽ രണ്ടാമത്തെ ട്രാക്കിന്റെയും പ്ലാറ്റ്ഫോമിന്റെയും സാധ്യത പരിശോധിക്കാൻ നിർദ്ദേശിച്ച എംപി സ്റ്റേഷനിൽ മതിയായ വെളിച്ചം ഏർപ്പെടുത്തണമെന്നും സ്റ്റേഷനു മുന്നിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ചോർച്ചയിലായ സ്റ്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി ആധുനികവൽക്കരിക്കണമെന്നും സന്ദർശനത്തിൽ ഒപ്പം ഉണ്ടായിരുന്ന ദക്ഷിണ റെയിൽവേ മധുരൈ ഡിവിഷൻ എഡിആർഎം എൽ നാഗേശ്വര റാവുവിനോട് ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിൽ എഡിആർഎമ്മിനൊപ്പം എൻജിനീയറിങ്, ഓപ്പറേഷൻസ്, കൊമേർഷ്യൽ വിഭാഗം റെയിൽവേ ഉദ്യോഗസ്ഥരും എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ, ബിജു എബ്രഹാം, രതീഷ് കിളിത്തട്ടിൽ, സബിൻ സത്യൻ, ഷഹർബാൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080