Tuesday, August 26, 2025

കൊല്ലത്ത് കർക്കിടകവാവ് ബലിതർപണത്തിന് ക്രമീകരണങ്ങൾ

കൊല്ലം – കർക്കിടകവാവ് ബലിതർപണത്തിനുള്ള ക്രമീകരണങ്ങൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേമ്പറിൽചേർന്ന യോഗം വിലയിരുത്തി. താലൂക്ക്തലത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലും തിരുമുല്ലവാരം, മുണ്ടയ്ക്കൽ പാപനാശം എന്നിവിടങ്ങളിലെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് സബ് കലക്ടറുടെ നേതൃത്വത്തിലും പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചു.

സുരക്ഷക്രമീകരണചുമതല സിറ്റി-റൂറൽ പൊലിസ് മേധാവികൾക്കാണ്. ലൈഫ് ഗാർഡുകൾ, സ്‌കൂബ മുങ്ങൽ വിദഗ്ധർ എന്നിവരുടെ സേവനം ഫയർഫോഴ്സ്-ടൂറിസം വകുപ്പുകൾ ഉറപ്പാക്കണം. തീരദേശ റോഡിലെ അറ്റകുറ്റപണികൾ തീർക്കാനും നിർദേശം നൽകി.

റോഡിൽ പൈപ്പ് സ്ഥാപിക്കാനായി തിരുമുല്ലവാരത്ത് എടുത്ത കുഴികൾ വാട്ടർ അതോറിറ്റി നികത്തി പൂർവസ്ഥിതിയിലാക്കണം. ഇരവിപുരം മുതൽ മുണ്ടയ്ക്കൽ പാലംവരെയുള്ള പാത കോർപ്പറേഷൻ നവീകരിക്കണം. മുണ്ടയ്ക്കൽ പാപനാശം ക്ഷേത്രത്തിലേക്കുള്ള പാതയിൽ ദിശാസൂചിക ബോർഡുകളും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കാൻ കെ എസ് ഇ ബി, പൊതുമരാമത്ത് വകുപ്പുകളെ ചുമതലപ്പെടുത്തി.

ബലിതർപ്പണകേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ ഒരുക്കണം. പ്രഥമ ശുശ്രൂഷ നൽകുന്നതിനായി ആരോഗ്യവകുപ്പുമായി ചേർന്ന് ഡോക്ടർ, നഴ്‌സ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘങ്ങളെ നിയോഗിക്കണം. ഹരിത ചട്ടങ്ങളുടെഭാഗമായി വേസ്റ്റ്ബിന്നുകൾ ഏർപ്പെടുത്തണം. കുടിവെള്ള വിതരണം ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി, കോർപ്പറേഷൻ, പഞ്ചായത്തുകൾ എന്നിവ നടപടികൾ സ്വീകരിക്കണം. ആവശ്യമെങ്കിൽ ടാങ്കർ സർവീസുകൾ പ്രയോജനപ്പെടുത്തണം.

ഭക്തജനങ്ങൾക്ക് വന്നുപോകാൻ കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തും. ബലിതർപ്പണ കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡ് അധികമായി തൊഴിലാളികളെ നിയോഗിക്കണം. പ്രദേശം ലഹരിരഹിതമാക്കുന്നതിന് പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പരിശോധനയും നീരീക്ഷണവും ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.

സബ് കലക്ടർ നിഷാന്ത് സിഹാര, എ.ഡി.എം ജി നിർമൽകുമാർ, ക്ഷേത്രഭരണസമിതി-ദേവസ്വം ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts