Friday, October 10, 2025

കൊട്ടാരക്കരയിൽ സംയോജിത കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കൊട്ടാരക്കര : ജില്ലയിലെ 75 ശതമാനം കുടുംബങ്ങൾക്കും വിവിധ പദ്ധതികളിലൂടെ കുടിവെള്ളം എത്തിക്കാനായെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി കൊട്ടാരക്കര നഗരസഭയ്ക്കും നെടുവത്തൂർ ഗ്രാമപഞ്ചായത്തിനും 30 കോടി രൂപയ്ക്ക് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം അമ്പലക്കര മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെയും പുതിയവ നടപ്പാക്കിയും കൂടുതൽ കുടുംബങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കും. ഗ്രാമീണ മേഖലയിൽ ശുദ്ധജല ലഭ്യത 40 ലക്ഷമായി. ജില്ല-ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ തലങ്ങളിലെ പദ്ധതികൾക്കൊപ്പം ജൽ ജീവൻ, അമൃത് എന്നിവയിലൂടെയും സർക്കാർ കുടിവെള്ളം എത്തിക്കുന്നു. കൊട്ടാരക്കരയിൽ നടപ്പാക്കുന്ന സംയോജിത കുടിവെള്ള പദ്ധതിയും സർക്കാർ അമൃത് പദ്ധതിയിലൂടെയും പ്രദേശത്തെ 90 ശതമാനം കുടുംബങ്ങൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെയും നെടുവത്തൂർ പഞ്ചായത്തിലെയും 17,000 പേർക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. അനുവദിച്ച 30 കോടി നഗരസഭയും പഞ്ചായത്തും തിരിച്ചടയ്ക്കേണ്ടതില്ല. 14 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായി. ജല അതോറിറ്റി ദക്ഷിണ മേഖല ചീഫ് എൻജിനീയർ സുരജ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് കൈമാറിയ ഉഗ്രൻകുന്നിലുള്ള 121 സെൻ്റ് ഭൂമിയും 16 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാലയുടെ നിർമ്മാണം, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് കൈമാറിയ ഉഗ്രൻകുന്നിൽ തന്നെയുള്ള 25 സെൻ്റ് ഭൂമിയിൽ 18 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെ നിർമ്മാണം, കല്ലടയാറിന് സമീപം കുളക്കട പഞ്ചായത്തിലെ തെങ്ങോലി കടവിൽ ഒൻപത് മീറ്റർ വ്യാസമുള്ള കിണർ, പമ്പ് ഹൗസ്, മറ്റ് അനുബന്ധ ഘടകങ്ങളുടെ നിർമ്മാണം എന്നിവയാണ് സംയോജിതകുടിവെള്ള പദ്ധതിയിലൂടെ പൂർത്തീകരിക്കുക.

കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണമേനോൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ഷാജി, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ ബഷീർ, ജി സുഷമ, മിനി കുമാരി, ആർ എസ് അജിതകുമാരി, എ സൂസമ്മ, നഗരസഭ മുൻ ചെയർമാൻ എ.ഷാജു, കേരള ജല അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, പി എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ എ സബീർ റഹീം രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts