Sunday, March 1, 2026

പ്രവാസികൾക്ക് ആശ്വാസം; സ്വർണം കൊണ്ടുപോകുന്നതിനുള്ള വില പരിധി ഒഴിവാക്കി, ഇനി തൂക്കം മാത്രം മാനദണ്ഡം

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ബാഗേജ് നിയമ പരിഷ്കാരം ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുന്നു. സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പഴയ നിയമത്തിലെ വില പരിധി പ്രവാസികൾക്ക് വലിയ ബാധ്യതയായിരുന്നു. പുതിയ പരിഷ്കാരത്തോടെ സ്വർണാഭരണങ്ങളുടെ തൂക്കം മാത്രമായിരിക്കും നികുതിയിളവിനായി പരിഗണിക്കുക.

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച പുതിയ നിയമമനുസരിച്ച് നികുതിരഹിതമായി കൊണ്ടുപോകാവുന്ന സ്വർണത്തിന്റെ അളവ് താഴെ പറയുന്നവയാണ്. സ്ത്രീകൾക്ക് 40 ഗ്രാം വരെയുള്ള സ്വർണാഭരണങ്ങൾ, പുരുഷന്മാർക്ക് 20 ഗ്രാം വരെയുള്ള സ്വർണാഭരണങ്ങൾ. പഴയ നിയമത്തിൽ തൂക്കത്തിനൊപ്പം സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയും പുരുഷന്മാർക്ക് 50,000 രൂപയും എന്ന വില പരിധി കൂടി ഉണ്ടായിരുന്നു. സ്വർണവില വർദ്ധിച്ചതോടെ ചെറിയ അളവിലുള്ള ആഭരണങ്ങൾ പോലും ഈ വില പരിധിക്ക് പുറത്താവുകയും പ്രവാസികൾ വിമാനത്താവളങ്ങളിൽ വലിയ തുക നികുതിയായി നൽകേണ്ടി വരികയും ചെയ്തിരുന്നു.

2025 സെപ്തംബറിൽ 30 ഗ്രാം സ്വർണ വളകളുമായി നാട്ടിലെത്തിയ ഷാർജ പ്രവാസി പ്രദീപിൽ നിന്ന് 1,07,000 രൂപയാണ് നികുതിയായി ഈടാക്കിയത്. പഴയ വില പരിധി മറികടന്നതിനാലാണ് ഇത്രയും വലിയ തുക നൽകേണ്ടി വന്നത്. സ്വർണവില വർദ്ധനവ് കണക്കിലെടുത്ത് നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ തീരുമാനത്തെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ സ്വാഗതം ചെയ്തു.

സ്വർണാഭരണങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുതിയ പരിഷ്കാരം ആശയക്കുഴപ്പങ്ങളില്ലാതെ യാത്ര ചെയ്യാൻ പ്രവാസികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് പ്രിയപ്പെട്ടവർക്കായി വാങ്ങുന്ന സ്വർണം പരിശോധനകളുടെയും നികുതിയുടെയും പേരിൽ തടഞ്ഞുവെക്കപ്പെടുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതിയാകുമെന്നാണ് പ്രവാസി ലോകത്തിന്റെ പ്രതീക്ഷ.

സ്ത്രീകൾക്ക്: 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.

പുരുഷന്മാർക്ക്: 20 ഗ്രാം വരെ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം.

ഡ്യൂട്ടി ഫ്രീ പരിധി 75,000 രൂപയായി ഉയർത്തി

സാധാരണ വിമാനയാത്രക്കാർക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന വസ്തുക്കളുടെ ആകെ മൂല്യം 50,000 രൂപയിൽ നിന്നും 75,000 രൂപയായി ഉയർത്തി. ടൂറിസ്റ്റുകൾക്കും ഇന്ത്യൻ വംശജർക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ, 18 വയസ്സിന് മുകളിലുള്ള ഏതൊരു യാത്രക്കാരനും ഒരു ലാപ്ടോപ്പ് പൂർണ്ണമായും നികുതിരഹിതമായി കൊണ്ടുവരാം.

മടങ്ങി വരുന്നവർക്ക് വലിയ ഇളവുകൾ

വിദേശത്തെ ജോലി അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വീട്ടുസാധനങ്ങൾ കൊണ്ടുവരുന്നതിനും ഇളവുകൾ വർദ്ധിപ്പിച്ചു.

ഒരു വർഷം കഴിഞ്ഞു വരുന്നവർക്ക്: 1.5 ലക്ഷം രൂപ വരെ.

രണ്ട് വർഷം വരെ വിദേശത്തായിരുന്നവർക്ക്: 3 ലക്ഷം രൂപ വരെ.

രണ്ട് വർഷത്തിന് മുകളിൽ വിദേശത്തായിരുന്നവർക്ക്: 7.5 ലക്ഷം രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം.

ഡിജിറ്റൽ നടപടികൾ ലളിതം

യാത്രക്കാർക്ക് തങ്ങളുടെ പക്കലുള്ള സാധനങ്ങൾ ഓൺലൈൻ ആയോ മൊബൈൽ ആപ്പ് വഴിയോ മുൻകൂട്ടി ഡിക്ലയർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. കൊറിയർ വഴി അയക്കുന്ന വ്യക്തിഗത വസ്തുക്കൾക്കുള്ള വില പരിധിയും ഒഴിവാക്കിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts