Thursday, April 2, 2026

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസം – പാർലമെന്റിലെ ഇടപെടലിൽ തീരുമാനമായി: കൊടിക്കുന്നിൽ സുരേഷ് എംപി

രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ സാമ്പത്തികമായി ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നത് സ്വാഗതാർഹവും ആശ്വാസകരവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും ലോക്സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് എംപി പ്രസ്താവിച്ചു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള ഒരു പ്രധാന മുന്നേറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ നിലനിന്നിരുന്ന 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടി വന്നിരുന്നുവെന്നും, ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധിയിലൂടെ കൂടുതൽ തുക ഈടാക്കുന്ന ഈ രീതി സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തികഭാരമായി മാറിയിരുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി. 30 ദിവസത്തെ പ്ലാനുകൾ പ്രചരിപ്പിക്കപ്പെടുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയുകയും, വാർഷിക ചെലവ് കുറയുകയും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ നടത്തിയ ഇടപെടലുകളാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ലോക്സഭയിൽ ചോദ്യങ്ങളിലൂടെ 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാർജ്ജിംഗാണോ എന്നതും, ഇതുമൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടാതെ, ഇത്തരത്തിലുള്ള അന്യായ ബില്ലിംഗ് രീതികൾ നിയന്ത്രിക്കാൻ ടെലികോം വകുപ്പ് (DoT)യും ട്രായ് (TRAI)യും സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, 30 ദിവസത്തെ യഥാർത്ഥ മാസവാലിഡിറ്റി പ്ലാനുകൾ നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്നുണ്ടായ ഇടപെടലുകളുടെ ഫലമായാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം ഉണ്ടായതെന്നും എംപി കൂട്ടിച്ചേർത്തു.

എന്നാൽ ഇത് ഒരു തുടക്കമാത്രമാണെന്നും, 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂർണമായും അവസാനിപ്പിക്കുകയും, എല്ലാ ഉപഭോക്താക്കൾക്കും സുതാര്യവും നീതിയുള്ളതുമായ യഥാർത്ഥ മാസ ബില്ലിംഗ് സംവിധാനം നിർബന്ധമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ തന്റെ ഇടപെടൽ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂർണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ഉറപ്പുനൽകി.

2025 ഡിസംബർ മാസത്തിലെ വിന്റർ സെഷനിലും 2026 മാർച്ച് മാസത്തിലെ ബജറ്റ് സെഷനിലും ലോക്സഭയിൽ ഈ വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു

2025 ഡിസംബർ മാസം വിന്റർ സെഷനിൽ ലോകസഭയിൽ നടത്തിയ ഇടപെടൽ.
https://www.facebook.com/share/p/17GEP7Et79/
2026 മാർച്ച് മാസം ബഡ്ജറ്റ് സെഷനിൽ ലോക സഭയിൽ നടത്തിയ തുടർ ഇടപെടൽ.
https://www.facebook.com/share/p/1CaFTMMQ6p/

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts