Tuesday, August 26, 2025

വിയറ്റ്നാം കോളനിയിലെ റാവുത്തർ, തെലുങ്ക് നടൻ വിജയരംഗ രാജു അന്തരിച്ചു.

വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രമായ റാവുത്തറിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ തെലുങ്ക് നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റി. സാമ്പത്തിക ഞെരുക്കം മൂലമാണ് രംഗരാജുവിനെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും. രാജ് കുമാർ എന്നായിരുന്നു വിജയ രംഗ രാജുവിന്റെ യഥാർത്ഥ പേര്. 1992ലെ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളികൾക്ക് സുപരിചിതനായത്. ഇതായിരുന്നു ആദ്യ ചിത്രം. ഇതിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ തെലുങ്കിലും അവസരംലഭിച്ചു. 1994ൽ നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ഐലൻഡിലൂടെ തെലുങ്കിൽ മികവുകാട്ടി. പിന്നീട് അവസരങ്ങൾ കുറഞ്ഞു.

ഏറെഇടവേളക്ക് ശേഷം 2004ൽ ഗോപിചന്ദിന്റെ യജ്ഞം എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ചെന്നൈയിൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയത്തിലേക്ക് പ്രവേശിച്ചത്. ഒടുവിൽ സിനിമയിലേക്ക് കടന്നു. തെലുങ്കിന് പുറമെ മലയാളം, തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ, സപ്പോർട്ടിംഗ് റോളുകളിൽ തിളങ്ങി. ഭാരോദ്വഹനം, ബോഡി ബിൽഡിംഗ് മേഖലകളിലും കഴിവ് തെളിയിച്ചു. ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts