Tuesday, August 26, 2025

നിശ്ശബ്ദമായി പ്രദർശനത്തിനെത്തിയ “പൊന്മാൻ” ഇപ്പോൾ വലിയ ശബ്ദം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു; സൂര്യാ കൃഷ്ണമൂർത്തി.

വീരവാദങ്ങളും, ആർഭാടങ്ങളും, കെട്ടുകാഴ്ചകളും ഒന്നുമില്ലാതെ വളരെ നിശ്ശബ്ദമായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു പൊൻ MAN.. നിശ്ശബ്ദമായി എത്തിയ ഈ ചിത്രം, ഇപ്പോൾ, വലിയ ശബ്ദം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നുTHE SOUND OF SILENCE എന്നു പറയുന്നതു പോലെ…

ഈ സിനിമയിലെ ചിരിയിൽ കാര്യമുണ്ട്, കാര്യത്തിൽ ചിരിയുമുണ്ട്…ഒരു അകക്കാമ്പുമില്ലാത്ത ചില ആർഭാട ചിത്രങ്ങൾക്കു നടുവിൽ ഒരു ആശ്വാസ തുരുത്തായി ഈ ചിത്രം തിളങ്ങി നില്കുന്നു…കാരണം, ഇതിൽ സത്യസന്ധ്യതയുടെ ഗന്ധമുണ്ടു്, നിസ്സഹായതയുടെ നെടുവീർപ്പുണ്ട്, അനാചാരങ്ങളുടെ ചവർപ്പുണ്ട്…

ഇതിലെ കഥാപാത്രങ്ങൾ എനിക്ക് അന്യമല്ല...എന്റെ ചുറ്റുവട്ടത്ത് ജീവിക്കുന്നവർ തന്നെ.. പൊന്നില്ലാത്ത പെണ്ണിനെ കാണാൻ എന്തൊരു ചന്തം !!ആണിത് പറയുമ്പോൾ, അതുവരെ ചിരിച്ചു കാണാത്ത പെണ്ണിന്റെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി…ആ ചിരി അവളുടെ കണ്ണുകളിലൂടെയാണ് നാം കാണുന്നത്…അത് കാണുമ്പോൾ ഒരു ഇളം കാറ്റ് എന്നെ തഴുകിയതു പോലെ… കണ്ണുകൾ നനഞ്ഞു പോയോ എന്നും സംശയം…

ഇന്ദുഗോപൻ എഴുതിയ കഥ…ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവിന്റെയും തിരക്കഥ.. ജോതിഷ് ശങ്കറിന്റെ സംവിധാനം…സനു ജോൺ വർഗ്ഗീസ് ചലിപ്പിച്ച ക്യാമറ..എല്ലാവരുമായി എന്റെ ഒരു ചോദ്യം…എവിടെ ഒളിച്ചിരിക്കുകയായിരുന്നു നിങ്ങൾ, ഇത്രയും കാലം…കുമ്പളഞ്ഞിനൈറ്റ്സ് പോലുള്ള ചിത്രങ്ങളെ മറന്നു കൊണ്ടല്ല എന്റെ ഈ ചോദ്യം…

സിനിമക്ക് ഒരു സന്ദേശമുണ്ടാകണമെന്ന നിർബന്ധമൊന്നുമില്ല…നല്ല സിനിമകളിൽ കാണികൾ അത് കണ്ടെത്തും…അത് ഒരു സന്ദേശം തന്നെയാകണമെന്നുമില്ല..പല പല സന്ദേശങ്ങളാവും ഓരോരുത്തരുടെയും മനസ്സിൽ പതിയുക.. സംവിധായകന്റെ അപാരമായ കഴിവു കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാണാം..അവരല്ലങ്കിൽ പിന്നെയാര് എന്ന ചോദ്യത്തിനും ഉത്തരമില്ല.. അത്രക്കും ഉചിതം…

ചിത്രത്തിലെ തുരുത്തും ചുറ്റുവട്ടവും പ്രധാന കഥാപാത്രങ്ങളാണ്..നെഗറ്റിവ് കഥാപാത്രങ്ങളായി തിളങ്ങിയ സാജൻ ഗോപുവിന്റെയും ആനന്ദ് പത്മനാഭന്റെയും പേരുകൾ ഞാൻ ആദ്യമെഴുതും…ബേസിൽ ജോസഫിനും ലിജോ മോൾ ജോസിനും രണ്ടാം സ്ഥാനമെന്നല്ല, അതിനർത്ഥം…

അഭിനയത്തിൽ പുതിയ ശൈലി കുറിച്ചവനാണ്, ബേസിൽ…ഒരു കലാകാരന് ഒരുശൈലി എന്നത് പാടുണ്ടോ എന്നറിയില്ല..എനിക്കു, പക്ഷേ ബേസിലിനെ ഇങ്ങനെ കാണാനിഷ്ടം..സാധാരണ കാണാറുള്ള, എല്ലാം തികഞ്ഞ നായകനല്ല, എന്നർത്ഥം..

ഇംഗ്ലീഷിലെ പ്രസിദ്ധമായ വരികൾ…മഹാ സാഗരത്തിലെ ഒരു ചെറിയ തുള്ളിയാകാൻ എനിക്കാവില്ല…എനിക്ക് ഒരു ചെറിയ തുള്ളിയിലെ മഹാ സാഗരമാകണം.. ഒരു ചെറുതുള്ളിയിലെ മഹാ സാഗരമാന്ന് പൊൻMAN…

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts