Saturday, October 11, 2025

എയ്ഡഡ് അധ്യാപക നിയമനം; സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധം; പി ജെ ജോസഫ് എം.എൽ.എ

കോട്ടയം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അർഹരായ അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകാത്ത കേരള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും അതു തിരുത്തണമെന്നും കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി ജെ ജോസഫ് എ.എൽ.എ.ആവശ്യപ്പെട്ടു.

പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്. വേല ചെയ്തിട്ടും കൂലി കൊടുക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വ വിരുദ്ധമായ നടപടികൾ സർക്കാർ പിൻവലിക്കണം. കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കേണ്ട അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഭിന്നശേഷി സംബന്ധമായ നിയമപ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ വഴി സങ്കീർണമാക്കി കൊണ്ടിരിക്കുകയാണ്.

എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധിന്യായം നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയും ഇത്തരത്തിലൊരു നിരീക്ഷണം നടത്തുകയും സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർവകമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നു മൂന്ന് മാസത്തിനുശേഷം ജൂലൈ 30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും മറ്റ് സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണം എങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് സർക്കാർ വാദം.

സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് വർഷങ്ങളായി നിയമന അംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എൻഎസ്എസിന് നൽകിയ ഉത്തരവ് വിവേചനം കൂടാതെ ക്രിസ്ത്യൻ മാനേജ്മെന്റ് ഉൾപ്പെടെയുള്ള ഇതര മാനേജ്മെന്റുകൾക്കും ബാധകമാക്കണം. സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്‌കാരിക കേരളത്തിന്‌ ഭൂഷണമല്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നീതിക്കുവേണ്ടി പോരാടുന്ന അധ്യാപകരുടെ ധർമസമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പി ജെ ജോസഫ് പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts