കുണ്ടറ : സംസ്ഥാനത്ത് ഗ്രാമീണ റോഡുകളുടെ നവീകരണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പെരിനാട് വികസന സദസ്സ് പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1000 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള റോഡ് ആറുവരി പാതയായി ഉയർത്താനുള്ള ചർച്ച നടക്കുന്നതായും മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
പെരിനാട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ 85,85672 രൂപ ചെലവഴിച്ച് പരമ്പരാഗത കൃഷിയോടൊപ്പം പച്ചക്കറി കൃഷി നെൽകൃഷി, വാഴ, മുളക്, കപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്ത് കർഷകസംഘങ്ങളെയും കാർഷിക സഹകരണ സംഘങ്ങളെയും ശക്തിപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി വഴി സൗജന്യ ചികിത്സ, പരിശോധന, വാക്സിനേഷൻ സേവനങ്ങൾ നൽകുന്നു. പെരിനാട് സർക്കാർ ഹോമിയോ ഡിസ്പെൻസറിയെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് കേന്ദ്രമായി ഉയർത്തി. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് 1.98 കോടി രൂപ ചെലവഴിച്ച് പുതിയ ആയുർവേദ ആശുപത്രി നിർമ്മിച്ചു. പഞ്ചായത്തിലെ 191 റോഡുകൾ നവീകരിക്കുന്നു. കഴിഞ്ഞ നാലു വർഷക്കാലയളവിൽ 344 പേർക്ക് ലൈഫ് പദ്ധതി വഴി വീടുകൾ നൽകി. തുടർ വർഷങ്ങളിലും വിവിധ പദ്ധതികൾ രൂപീകരിച്ച് ഗ്രാമത്തിലെ ജനങ്ങൾക്കു മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് സദസ്സിൽ വ്യക്തമാക്കി.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യജയകുമാർ അധ്യക്ഷയായി. പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. ജ്യോതിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സമീപകാലത്ത് ലൈഫ് പദ്ധതി വഴി വീട് ലഭിച്ച അഞ്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. പഞ്ചായത്തിലെ പ്രായം കൂടിയ തൊഴിലുറപ്പ് തൊഴിലാളി സുമതിയമ്മയെയും ഹരിതകർമ്മ സേനാംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം നേടിയ പ്രദേശവാസികളെയും ആദരിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ മുഖ്യപ്രഭാഷണം നടത്തി. പെരിനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിൽകുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. ദിനേശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇജീന്ദ്രലേഖ, പെരിനാട് വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോമവല്ലി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.അനിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് കുമാർ, ചിറ്റുമല ബ്ലോക്ക് ഹൗസിംഗ് ഓഫീസർ വി.എസ്.സൗമ്യ, അസിസ്റ്റൻറ് സെക്രട്ടറി ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജഗന്നാഥൻ, എ.ബിന്ദുമോൾ, ഗോപകുമാർ, ശോഭാ അർജുനൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080