Tuesday, August 26, 2025

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം ഖാദി മേള 2025 ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു.

പരമ്പരാഗത വ്യവസായ മേഖലയുടെ ഉന്നമനത്തിന് മികച്ച പിന്തുണ നൽകുന്നു : മന്ത്രി കെ.എൻ.ബാലഗോപാൽ

പരമ്പരാഗത വ്യവസായമേഖലയുടെ ഉന്നമനത്തിന് സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ ഖാദി ബോർഡിന് സർക്കാർ സബ്സിഡി നൽകുന്നു. തൊഴിലാളികളുടെ സാമ്പത്തിക സഹായ പദ്ധതി (ഇൻകം സപ്പോർട്ട് സ്കീം) പ്രകാരം ഖാദി മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യവും ഉൽപാദന യൂണിറ്റുകളുടെ നവീകരണത്തിന് വേണ്ട സഹായങ്ങളും നൽകുന്നുണ്ട്. കൈത്തറിമേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാൻ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കൈത്തറിയിൽ നെയ്തെടുത്ത യൂണിഫോമുകൾ സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം.നൗഷാദ് എംഎൽഎ അധ്യക്ഷനായി. മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപന്‍ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നിർവഹിച്ചു.

‘എനിക്കും വേണം ഖാദി’ സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദിവസ്ത്രങ്ങളും, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഇവിടെനിന്ന് വാങ്ങാം. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ ഗവണ്‍മെന്റ് റിബേറ്റും, സമ്മാനങ്ങളും, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ബജാജ് ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ആഴ്ച തോറുമുളള നറുക്കെടുപ്പിൽ 3000 രൂപയുടെ സമ്മാനങ്ങളും നല്‍കും.

ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കൊട്ടാരക്കര, കര്‍ബല ഗ്രാമസൗഭാഗ്യകളിലൂടെയാണ് വില്‍പന. കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോംപ്ലക്‌സിലും, വിവിധസ്‌കൂളുകളിലും ഓഫീസുകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടന്‍, പ്രിന്റഡ് സില്‍ക്ക്, മനില ഷര്‍ട്ടിങ്, കാന്താ സില്‍ക്ക്, ജ്യൂട്ട് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ധോത്തികള്‍, കുഞ്ഞുടുപ്പുകള്‍ നവീനരീതിയില്‍ ഡിസൈന്‍ ചെയ്ത ചുരിദാര്‍ടോപ്പുകള്‍, കുര്‍ത്തികള്‍, തുടങ്ങിയവ ലഭിക്കും. പഞ്ഞികിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍, കാര്‍പെറ്റുകള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളായ തേന്‍, എള്ളെണ്ണ, ചന്ദനതൈലം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കരകൗശലഉല്‍പ്പന്നങ്ങള്‍ എന്നിവയും ലഭ്യമാണ്.

ജില്ലാ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ എൻ. ഹരിപ്രസാദ്, ഖാദി ബോർഡ് അംഗം കെ.പി.രണദിവെ, ഇന്ത്യൻ ബാങ്ക് എൽഡിഎം ജി.ജീൻസിംഗ്, തൊഴിലാളി യൂണിയൻ നേതാക്കളായ വി.ആർ.അജു, പി.രവി, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ എ. സഫിയ ബീവി, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts