“കാവനാട്- മേവറം റോഡിനെ എം.ജി റോഡ് എന്ന് നാമകരണം ചെയ്യുക”
“ജ്ഞാനപീഠം ഒഎൻവി കുറുപ്പിന് കൊല്ലം നഗരത്തിൽ സ്മാരകം നിർമ്മിക്കുക.” എം. മുകേഷ് എം എൽ എ.
കൊല്ലം : പഴയ ദേശീയപാത 47ന്റെ ഭാഗമായിരുന്ന കൊല്ലം കാവനാട് മുതൽ മേവറം വരെയുള്ള 13 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കൊല്ലം നഗരത്തിന്റെ ഹൃദയ ഭാഗത്തിലൂടെ കടന്നു പോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ്. കൊല്ലം സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫീസ് ,വിവിധ വകുപ്പുകളുടെ ജില്ലാതല – താലൂക്ക് തല ഓഫീസുകൾ, കൊല്ലം റെയിൽവേ സ്റ്റേഷൻ കൊല്ലം കെഎസ്ആർടിസി ഡിപ്പോ, ജില്ലാ ആശുപത്രി ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ എല്ലാം തന്നെ ഈ റോഡിന്റെ വശങ്ങളിലായാണല്ലോ സ്ഥിതി ചെയ്യുന്നത്.
കൊല്ലം നഗരത്തിന്റെ ജീവ നാഡിയായ ഈ റോഡിനെ ആശ്രയിച്ചാണ് നഗരത്തിലെ വ്യാപാര വാണിജ്യമേഖലയും പ്രവർത്തിച്ചുവരുന്നത്.
സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും നഗരങ്ങളിലെ ഏറ്റവും പ്രാധാന്യമേറിയതും ശ്രദ്ധേയവുമായ റോഡുകൾക്ക് രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി മഹാത്മാ ഗാന്ധി റോഡ് (എം.ജി റോഡ്) എന്ന് നാമകരണം ചെയ്യാറുണ്ട്. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായും നഗരത്തിലെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളേയും വ്യാപാര സ്ഥാപനങ്ങളേയും കൊല്ലം നഗര ഭൂപടത്തിൽ ശ്രദ്ധേയമായ നിലയിൽ അടയാളപ്പെടുത്തുന്നതിന് സഹായകരമാകും എന്നതിനാലും കൊല്ലം നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ കൊല്ലം കാവനാട് മുതൽ മേവറം വരെയുള്ള റോഡിനെ എം.ജി റോഡ് എന്ന് നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കും.
അതോടൊപ്പം കേരളത്തിന്റെ പ്രിയ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ. എൻ. വി കുറുപ്പിന് കൊല്ലം നഗരത്തിൽ ഉചിതമായ സ്മാരകം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലേക്കുള്ള പ്രധാന വീഥിയും ആശ്രാമം ലിങ്ക് റോഡും സംഗമിക്കുന്ന ആശ്രമം മൈതാനത്തിന് മുൻവശമുള്ള റൗണ്ട് എബൗട്ടിൽ ഒ.എൻ.വി കുറുപ്പിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ച് ഈ സ്ഥലത്തിന് ഒഎൻവി സ്ക്വയർ എന്നു നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കും.ആശ്രാമം പ്രദേശം കേന്ദ്രീകരിച്ചുള്ള കൾച്ചറൽ ടൂറിസം വികസനത്തിനും ഇത് സഹായകരമാകും. (കൊല്ലം നഗരം അഭിമാനപൂർവ്വം ആതിഥേയത്വമരുളിയ 62-മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആശ്രാമത്തെ മുഖ്യവേദിക്ക് ഒ.എൻ.വി സ്മൃതി എന്നാണ് പേര് നൽകിയിരുന്നതും). മേൽ നിർദ്ദേശങ്ങൾ കൂടാതെ പെരുമൺ എഞ്ചിനീയറിങ് കോളേജിൽ പുതിയ അക്കാദമിക ബ്ലോക്ക്, ആശ്രാമം ലിങ്ക് റോഡ് ഫ്ലൈ ഓവറിനെ ദേശീയപാത 183 മായി ബന്ധിപ്പിക്കുന്ന ഓലയിൽ കടവ് -രാമവർമ്മ ക്ലബ് റോഡ് ഭൂമി ഏറ്റെടുത്ത് വീതി കൂട്ടി നവീകരിക്കൽ. ആശ്രാമം ബോട്ട് ടെർമിനലിന് സമീപം മറീന വികസനം, കൊല്ലം ബീച്ച് സൗന്ദര്യവൽക്കരണം, സാമ്പ്രാണി കോടി -കുരീപ്പുഴ പാലം, ആശ്രാമം ഹെറിറ്റേജ് ഏരിയ(ഗസ്റ്റ് ഹൗസ് കോമ്പൗണ്ട്) സൗന്ദര്യവൽക്കരണവും ടൂറിസം വികസനവും ഉൾപ്പെടെ 20 പദ്ധതികൾ ഉൾപ്പെടുന്ന നിർദ്ദേശം 2024 -25ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് പരിഗണിക്കുന്നതിനായി ബഹു. ധനകാര്യ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും മുകേഷ് എം എൽ എ സമർപ്പിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ