കുവൈത്ത് : കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിൽ 450 ൽ അധികം താമസ നിയമ ലംഘകർ പിടിയിലായി.
പിടിയിലായവരിൽ 15 വർഷം മുതൽ 30 വർഷം വരെയായി താമസ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്നവരും ഉൾപ്പെടും.
ജഹറ ഗവർണറേറ്റിൽ പുലർച്ചെ 3 മണിക്ക് ആരംഭിച്ച പരിശോധനയിൽ 90 ലധികം നിയമ ലംഘകരാണ് പിടിയിലായത്. ഇവരിൽ 22 വർഷമായി താമസരേഖാ കാലാവധി അവസാനിച്ച ബംഗ്ലാദേശ് പൗരനും ഉൾപ്പെടും.
ഫർവാനിയ ഗവർണറേറ്റിലെ ജിലീബ്,ഖൈത്താൻ ഫർവാനിയ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും അധികം താമസ നിയമ ലംഘകർ പിടിയിലായത്. 170 പേർ ഈ പ്രദേശങ്ങളിൽ എല്ലാ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും അടച്ചു കൊണ്ടായിരുന്നു പരിശോധന നടത്തിയത്. അഹമ്മദി ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 55 പേരും ഹവല്ലി ഗവർണറേറ്റിൽ 76 പേരും തലസ്ഥാന ഗവർണറേറ്റിൽ 50 പേരും പിടിയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച്പിടിയിലായവരിൽ 90 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിസയിൽ എത്തി ഓടിപ്പോയവരാണ്.
ഇവരിൽ 30 വർഷമായി താമസരേഖ കാലഹരണപ്പെട്ട ഒരാളും ഉൾപ്പെടും.അതെ സമയം താമസ നിയമ ലംഘകരെ പിടി കൂടുന്നതിനു വേണ്ടി രാജ്യ വ്യാപകമായി ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.പിടിയിലായവരെ രാജ്യത്തേക്ക് ആജീവാനന്തര പ്രവേശനം വിലക്ക് ഏർപ്പെടുത്തി 4 ദിവസത്തിനകം നാടു കടത്തും. ഇവർക്ക് ജോലി നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വ്യക്തികൾ ആയാലും സ്ഥാപനങ്ങൾ ആയാലും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സ്പോൺസർക്ക് കീഴിൽ അല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധുവായ താമസ രേഖയുള്ളവരും താമസ നിയമലംഘകരുടെ ഗണത്തിൽ ഉൾപ്പെടുത്തി പിടികൂടി നാടു കടത്തുമെന്നും മന്ത്രാലയം അറിയിച്ചു. അതെ സമയം പരിശോധന വേളയിൽ പിടിയിലാകുന്നവരോടും പരിശോധനക്ക് വിധേയരാകുന്നവരോടും മാനുഷികമായ രീതിയിൽ പെരുമാറണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X