Tuesday, August 26, 2025

സംരംഭങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി വ്യവസായ വകുപ്പിന്റെ മിഷന്‍ 1000 പദ്ധതി.

കൊല്ലം : ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്തുണയും സഹായവുമായി വ്യവസായ വകുപ്പിന്റെ മിഷന്‍ 1000 പദ്ധതി. നിക്ഷേപത്തിനും വായ്പാപലിശയ്ക്കും സബ്‌സിഡി നല്‍കി വിറ്റുവരവ് പരമാവധിയാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ 1000 സംരംഭങ്ങള്‍ക്കാണ് പിന്തുണ നല്‍കുക. തിരഞ്ഞെടുക്കുന്നവയ്ക്ക് ശരാശരി 100 കോടി രൂപയുടെ വിറ്റുവരവ് ഉറപ്പാക്കും വിധമാണ് പദ്ധതി. മൂലധനനിക്ഷേപ സബ്‌സിഡി രണ്ടു കോടി രൂപ വരെ, പ്രവര്‍ത്തനമൂലധന വായ്പയുടെ പലിശയ്ക്ക് സബ്സിഡി 50 ലക്ഷം രൂപ വരെ, നിലവാരമുയര്‍ത്തുന്നതിനുള്ള വിശദപദ്ധതിരേഖയ്ക്കായി ഒരു ലക്ഷം രൂപ വരെയുമാണ് സാമ്പത്തികസഹായം.

തിരഞ്ഞെടുത്ത ഓരോ സംരംഭങ്ങള്‍ക്കും നിലവാരമുയര്‍ത്തല്‍അനുബന്ധപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളും സഹായവും ലഭ്യമാക്കല്‍ തുടങ്ങി വ്യവസായ വകുപ്പിന്റെ എല്ലാ പദ്ധതികളിലും മിഷന്റെ ഭാഗമായ യൂണിറ്റുകള്‍ക്ക് മുന്‍ഗണനയും നല്‍കും. അപേക്ഷകരുടെ യൂണിറ്റുകള്‍ 2023 മാര്‍ച്ച് 31 നകം കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.

നിക്ഷേപം, വാര്‍ഷികവിറ്റുവരവ്, ലാഭം, ഉത്പാദനശേഷി, കയറ്റുമതി, ജീവനക്കാരുടെ എണ്ണം, പ്രൊമോട്ടര്‍മാരുടെ വായ്പാലഭ്യതയ്ക്കുള്ള യോഗ്യത (സിബില്‍സ്‌കോര്‍), ലഭിച്ച അംഗീകാരസാക്ഷ്യങ്ങള്‍ (സര്‍ട്ടിഫിക്കേഷനുകള്‍) എന്നിവയെ അടിസ്ഥാനമാക്കി സ്‌കോറിംഗ് നടത്തിയാണ് സംരംഭങ്ങളുടെ തിരഞ്ഞെടുപ്പ്.

എയ്റോസ്പേസ്, പ്രതിരോധം, ആയുര്‍വേദം, വൈദ്യുതിവാഹനങ്ങളുടെ ഉത്പ്പാദനം, എഞ്ചിനീയറിംഗ് ഗവേഷണം, ഭക്ഷ്യസാങ്കേതികവിദ്യ എന്നിങ്ങനെ 21 മുന്‍ഗണന മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് പിന്തുണ ലഭിക്കുക. ഉത്പാദന- സേവന മേഖലകളിലെ സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. 2023 ഏപ്രില്‍ ഒന്ന് മുതല്‍ രു ഘട്ടങ്ങളിലായി 292 സംരംഭകരെ തിരഞ്ഞെടുത്തുകഴിഞ്ഞു. 28 പേര്‍ക്ക് ആദ്യഘട്ടമായി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 24.79 ലക്ഷം രൂപയും നല്‍കി.

ജില്ലയില്‍ 24 യൂണിറ്റുകളെ (സംരംഭകരെ) തിരഞ്ഞെടുത്തതായി ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി മാനേജര്‍ ഐ ജസീം പറഞ്ഞു. എട്ട് യൂണിറ്റുകള്‍ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്ന് യൂണിറ്റുകളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്് ജില്ലാതല സമിതി അംഗീകാരം നല്‍കിയെന്നും വ്യക്തമാക്കി.

പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പണം ലഭിച്ച വി ശശിധരന്‍ കാല്‍നൂറ്റാായി ചടയമംഗലത്ത് ലാറ്റക്സ് സംസ്‌ക്കരണ ഫാക്ടറി നടത്തുന്നു. ഉല്പാദനശേഷി കൂട്ടുന്നതിന് മൂലധന നിക്ഷേപത്തിന്റെ 40 ശതമാനം സബ്സിഡി പദ്ധതിയിലൂടെ ലഭിക്കും. പ്രവര്‍ത്തനമൂലധനത്തിന്റെ വായ്പാപലിശയുടെ 50 ശതമാനവും ലഭിക്കും. ബാങ്ക് ലോണും ലഭ്യമായതോടെ വിപുലീകരണ പ്രവര്‍ത്തിനങ്ങളിലേക്കാണിനി.

കരുനാഗപ്പള്ളിയില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ദീപക്കും ഗുണഭോക്താവാണ്. മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയും ബാങ്ക് വായ്പയും വിനിയോഗിച്ച് യൂണിറ്റ് വിപുലീകരണത്തിനുള്ള തയ്യാറെടുപ്പിലാണ് സംരംഭകന്‍.

ഭരണിക്കാവില്‍ പ്രിന്റിംഗ് സ്ഥാപനം നടത്തുന്ന സഞ്ജയ് പണിക്കര്‍ യൂണിറ്റ് വിപുലീകരണം നടത്തി. ഫോട്ടോ ഫ്രെയിം, സൈന്‍ബോര്‍ഡ്, മെമെന്റോ നിര്‍മാണമാണ് ഇവിടെയുള്ളത്. സംരംഭകര്‍ക്ക് https://mission1000.industry.kerala.gov.in/public/index.php/public പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം; ഉദ്യം രജിസ്ട്രേഷന്‍ നടത്തിയിരിക്കണം.

മിഷന്‍ 1000 പദ്ധതിയില്‍ തിരഞ്ഞെടുക്കപെട്ടാല്‍ ബാങ്ക് വായ്പ ലഭിക്കാന്‍ പ്രയാസമില്ലെന്നാണ് സംരംഭകരുടെ സാക്ഷ്യം. സുസ്ഥിരവ്യവസായ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താനും ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കി മികച്ച വിറ്റുവരവ് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് ശിവകുമാര്‍ വ്യക്തമാക്കി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts