Friday, March 13, 2026

കൊട്ടാരക്കരയിൽ ആരംഭിക്കുന്ന സിനി കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവ്വഹിച്ചു.

കൊട്ടാരക്കര : കിള്ളൂരിൽ ആരംഭിക്കുന്ന സിനി കോംപ്ലക്സ് കൊട്ടാരക്കരയുടെ സാംസ്കാരിക മുഖച്ഛായക്ക് മാറ്റുകൂട്ടുമെന്ന് സാംസ്കാരിക – ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. നെടുവത്തൂരിലെ കിള്ളൂരിൽ ആരംഭിക്കുന്ന കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി സിനി കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളം 100 തിയേറ്ററുകൾ നിർമിക്കുന്ന ലക്ഷ്യവുമായി സർക്കാർ മുന്നേറുകയാണ്. സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും സംയുക്തമായി 41.5 കോടി രൂപ ചെലവിലാണ് തിയേറ്റർ നിർമിക്കുന്നത്. മൂന്ന് നിലകളിൽ മൂന്ന് സ്ക്രീനുകളോട് കൂടിയ സിനി കോംപ്ലക്സിൽ ഫിലിം മ്യൂസിയം, റെക്കോർഡിങ് സ്റ്റുഡിയോ, ഗെയിംസോൺ, ഫുഡ്കോർട്ട്, രണ്ടു നിലകളിലായുള്ള പാർക്കിംഗ്, എസ്കലേറ്റർ തുടങ്ങിയ സൗകര്യവും ഉണ്ടാകും. നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാനും കലയെ സ്നേഹിക്കുന്നവർക്ക് ഒത്തുചേരാനും സമുച്ചയം വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. കിളളൂരിലെ രണ്ട് ഏക്കറിലധികമുള്ള സ്ഥലത്ത് 18 മാസം കൊണ്ട് തിയേറ്റർ പൂർത്തിയാക്കും. തിയേറ്റർ കോംപ്ലക്സ്, എഴുകോൺ ക്രിക്കറ്റ് സ്റ്റേഡിയം, പൊങ്ങൻപാറ ടൂറിസം ഉൾപ്പെടെ പൂർത്തിയാകുമ്പോൾ കിള്ളൂർ ശ്രദ്ധാകേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്‌ഡിസി മാനേജിംഗ് ഡയറക്‌ടർ പി.എസ് പ്രിയദർശനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളും അഭിനേത്രിയുമായ ശോഭാമോഹൻ വിശിഷ്ടസാന്നിധ്യമായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺ ബാബു, കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധു, ചലച്ചിത്ര നിർമാതാക്കളായ അനിൽകുമാർ അമ്പലക്കര, ബൈജു അമ്പലക്കര, വിനായക അജിത്ത്, രഞ്ജിലാൽ ദാമോദരൻ, ചലച്ചിത്ര നിരൂപകൻ പല്ലിശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ വി.സുമലാൽ, കെ.എസ് ഷിജു കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.വിദ്യ, പി.പ്രിയ, എസ്. രേഖ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts