Monday, March 9, 2026

പാലത്തറ ബ്ലോക്ക്, ഇരവിപുരം കുടുംബാരോഗ്യകേന്ദ്രങ്ങളിലെ പുതിയ കെട്ടിടം മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിർവ്വഹിച്ചു.

കൊല്ലം : പുതിയകാലത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യമേഖലയെ കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പാലത്തറ ബ്ലോക്ക്, ഇരവിപുരം കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്കായി നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിലെ ലിഫ്റ്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കും ബജറ്റില്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. ഇരവിപുരം റെയില്‍വേ മേല്‍പാലം മാര്‍ച്ച് ഒമ്പതിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. കൊല്ലം തോടിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന 29 കോടി രൂപ ചിലവഴിച്ചുള്ള കച്ചിക്കടവ് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി 650 കോടി രൂപ ചെലവിലാണ് കോഴിക്കോട് നിര്‍മിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 10 ശതമാനം ഡി എ, ഡി ആര്‍ തുടങ്ങിയവ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം.നൗഷാദ് എം.എല്‍.എ ചടങ്ങുകളില്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ .എല്‍ ഷീജ വിഷയാവതരണം നടത്തി. പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ബഹുനില കെട്ടിടം നബാര്‍ഡ് ഫണ്ട് 10 കോടി രൂപ ചിലവിലും എന്‍ എച്ച് എമ്മിന്റെ 3.37 കോടി രൂപ വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടവും പൂര്‍ത്തിയാക്കിയത്.

മേയര്‍ എ. കെ. ഹഫീസ്, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. സദക്കത്ത്, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ആര്‍. ഡെസ്റ്റിമോണ, എസ്. നിര്‍മല, ബി. കൃഷ്ണകുമാര്‍, ഷൈമ മാഹിന്‍, എന്‍. ജാരിയത്ത്, പി.രാജേന്ദ്രന്‍പിള്ള, നിഷ സന്തോഷ്, മഷൂര്‍ പള്ളിമുക്ക്, മാജിത വഹാബ്, എ കെ അസൈന്‍, ജെ ഇസബെല്ല, ലക്ഷ്മി ഷാജി, ദീപിക പ്രമോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, പാലത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.നടാഷ, ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെര്‍വിന്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts