ജില്ലയിൽ കടൽപുറമ്പോക്ക് പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങൾ ഉൾപ്പടെ പരിഹരിച്ച് പട്ടയവിതരണം കൂടുതൽ കാര്യക്ഷമമാക്കിയതായി ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സി. കേശവൻ സ്മാരക ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമയബന്ധിതമായി നടപ്പാക്കിയ പട്ടയമിഷനിലൂടെ ഭൂരഹിതർക്ക് ഭൂമിയുറപ്പാക്കി. ജില്ലയിൽ കാലങ്ങളായി തുടർന്നിരുന്ന ഭൂപ്രശ്‌നങ്ങൾക്ക് കഴിഞ്ഞ 10 വർഷത്തിനിടെ ശാശ്വതപരിഹാരം കണ്ടെത്താനായി. തീരദേശത്ത് കടൽപുറമ്പോക്കിൽ 600ലധികം പട്ടയം നൽകി. കെഎപി ഭൂവിഷയത്തിൽ 500ഓളം പട്ടയങ്ങൾനൽകാനുള്ള തീരുമാനമായി. ലൈഫ് മിഷനിലൂടെ 5 ലക്ഷം വീടുകൾ ഭവനരഹിതർക്ക് നിർമിച്ചു നൽകി. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ ഉറപ്പാക്കി. വിവിധപദ്ധതികളിലൂടെ മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത വികസനനേട്ടങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ കേരളം സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണംചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം മുന്നേറുകയാണ്. പുനലൂർ, തിങ്കൾകരിക്കകം എന്നീ പ്രദേശങ്ങളിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചു. സ്ത്രീശക്തി പദ്ധതിയിലൂടെ സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ ഉറപ്പാക്കി. സമസ്തമേഖലയിലും വികസനം ഉറപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിന് മുന്നോടിയായി തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയമേള ഉദ്ഘാടനചടങ്ങ് തത്സമയം വേദിയിൽ പ്രദർശിപ്പിച്ചു. മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനായി. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലായി 929 പട്ടയങ്ങളാണ് ജില്ലയിലെചടങ്ങിൽ വിതരണം ചെയ്തത്.
എംഎൽഎമാരായ എം നൗഷാദ്, എം മുകേഷ്, ജില്ലാ കലക്ടർ എൻ ദേവിദാസ്, എ ഡി എം ജി.നിർമൽകുമാർ, ഡെപ്യൂട്ടി കലക്ടർ എൽ ആർ, അനിത നായർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
