കൊല്ലം : ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന റവന്യൂ ഇ-സാക്ഷരത പദ്ധതിയുടെ ഓൺലൈൻ ഉദ്ഘാടനം ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേയിലൂടെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നുതിട്ടപെടുത്തിയെന്ന് റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ റവന്യൂ ഇ-സാക്ഷരത പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച റവന്യൂ ഇ സർവീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ഭൂനികുതി അടയ്ക്കാൻ കഴിയും. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ സർക്കാർ ഓഫീസുകളിലും ഓൺലൈൻ സേവനങ്ങൾ നൽകുന്ന കിയോസ്കുകൾ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായി റവന്യൂ രജിസ്ട്രേഷൻ-സർവ്വേ വകുപ്പുകളെ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ പോർട്ടൽ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ അഭിമുഖ്യത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് റവന്യൂ ഇ-സാക്ഷരത. റവന്യൂ വകുപ്പ് നൽകിവരുന്ന വിവിധ ഓൺലൈൻ സേവനങ്ങൾ ഇടനിലക്കാരുടെ സഹായമില്ലാതെ മൊബൈൽ ഫോണിലൂടെ നേടിയെടുക്കാൻ പൊതുജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചാത്തന്നൂർ മണ്ഡലത്തിലെ 1200 പരിശീലന കേന്ദ്രങ്ങളിലൂടെ 65000 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ വിവിധ ഓൺലൈൻ പോർട്ടലുകൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നൽകും. റവന്യൂ പോർട്ടൽ, ഇ-ഡിസ്ട്രിക്ട് പോർട്ടൽ, ‘എന്റെ ഭൂമി’ പോർട്ടൽ, സി എം ഡി ആർ എഫ് പോർട്ടൽ, തുണ ആപ്പ്, ഡിജിറ്റൽ കിയോസ്കുകൾ എന്നിവയുടെ പ്രായോഗിക ഉപയോഗം ഉറപ്പാക്കും. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആയിരം കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മണ്ഡലത്തിലെ 18 സർക്കാർ ഓഫീസുകളിൽ കിയോസ്ക് അനുബന്ധ സേവനം നടപ്പിലാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
ജി.എസ്.ജയലാൽ എം.എൽ.എ അധ്യക്ഷനായി. കൊല്ലം തഹസിൽദാർ ജി.വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടർ എൻ.ദേവിദാസ്, എഡിഎം ജി.നിർമൽ കുമാർ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.സുശീലദേവി, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.വിജയൻ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിനോക്കി എഡ്വേർഡ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് രാജു ചാവടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.ദിലീപ് കുമാർ, കെ.എസ്. ബിനു, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
