അംഗനവാടികളുടെ നിർമാണം ലക്ഷ്യമാക്കി പ്രത്യേക പദ്ധതി നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വേലംകോണം, കരീപ്ര പഞ്ചായത്തിലെ തൃപ്പലഴികം, ചൂരപ്പൊയ്ക എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ നിർമാണപുരോഗതി വിലയിരുത്തിയാണ് അറിയിച്ചത്.
തീരദേശ വികസന കോർപ്പറേഷനാണ് നിർമാണ ചുമതല. ആസ്തി വികസന ഫണ്ടിൽ നിന്നും ഓരോ അംഗനവാടി കെട്ടിടത്തിന്റെ നിർമാണത്തിനും 25 ലക്ഷം രൂപയാണ് വകയിരുത്തിട്ടുള്ളത്. സമയബന്ധിതമായി കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു നിലകളായി നിർമിക്കുന്ന വേലംകോണത്തെ ഒൻപതാം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒന്നാം നിലയിൽ പഠനമുറി, അടുക്കള, സ്റ്റോർ മുറി, ബാത്റൂം, വരാന്ത എന്നിവയും രണ്ടാം നിലയിൽ മീറ്റിംഗ് ഹാളും ഒരുങ്ങുന്ന കെട്ടിടം 775 ചതുരശ്ര അടിയിലാണ് നിർമിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്.
കരീപ്ര പഞ്ചായത്തിലെ തൃപ്പലഴികത്ത് നിർമാണം പുരോഗമിക്കുന്ന 85ആം നമ്പർ അംഗനവാടി ഒറ്റ നില കെട്ടിടമാണ്. കുട്ടികൾക്കുള്ള ഹാൾ, വിശ്രമമുറി, അടുക്കള, സ്റ്റോർ മുറി, ബാത്റൂം എന്നിവ ഒരുക്കും. സ്വകാര്യ വ്യക്തി സൗജന്യമായി തന്ന ഭൂമിയിലാണ് നിർമാണം. അഞ്ചു സെന്റ് ഭൂമിയിൽ 1,000 ചതുരശ്ര അടി കെട്ടിടമാണ് തൃപ്പഴലികത്ത് പൂർത്തിയാകുന്നത്.
കരീപ്ര പഞ്ചായത്തിലെ ചൂരപൊയ്കയിൽ നിർമാണം പുരോഗമിക്കുന്ന 111 ആം നമ്പർ
അംഗനവാടിയിൽ രണ്ടു മുറികൾ, അടുക്കള, സ്റ്റോർ റൂം, ശുചിമുറി എന്നിവ ഒരുക്കും. 750 ചതുരശ്ര അടിയിൽ ഒറ്റനില കെട്ടിടമാണ് നിർമിക്കുന്നത്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 3.5 സെന്റ് ഭൂമിയിലാണ് നിർമാണം.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ, സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യ ഭാഗി, ആർ ഗീതാകുമാരി, കൊട്ടാരക്കര നഗരസഭ അംഗങ്ങളായ എസ്.ആർ.രമേശ്, സണ്ണി ജോർജ്, കരീപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് സാമുവൽ, ഓമനക്കുട്ടൻ പിള്ള, രാഷ്ട്രീയകക്ഷി നേതാക്കൾ, അംഗനവാടി അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080